തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ആഗസ്റ്റ് എട്ടുവരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി.
|
കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വോട്ടര്‍ പട്ടിക പുതുക്കാനുള്ള തിയ്യതി ഇന്ന് അവസാനിക്കാനിരിക്കേ ഓണ്‍ലൈനില്‍ കാര്യമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു. അവസാന ദിവസങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ സൈറ്റ് ഉപയോഗിച്ചതാണ് ഹാങ് ആവാന്‍ കാരണം. ഈ സാഹചര്യത്തിലാണ് തിയ്യതി നീട്ടാനുള്ള ആവശ്യമുയര്‍ന്നത്.
ഈ വര്‍ഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നത്.


