വിവാഹവിരുന്നിനിടെ ഉപയോഗിച്ച് പ്ലേറ്റ് നീക്കുന്നതിനിടെ അതിഥികളുടെ ദേഹത്ത് തട്ടിയതിന് വെയ്റ്ററെ തല്ലിക്കൊന്ന ശേഷം മൃതദേഹം കുറ്റിക്കാട്ടിലെറിഞ്ഞു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 26കാരനായ പങ്കജ് കുമാറാണ് കൊല്ലപ്പെട്ടത്.
|
നവംബർ 18നാണ് അങ്കുർ വിഹാറിലെ കുറ്റിക്കാട്ടിൽ നിന്ന് പങ്കജ് കുമാറിന്റെ മൃതദേഹം കണ്ടുകിട്ടുന്നത്. വിവാഹസൽക്കാരത്തിൽ വെയ്റ്ററായി ജോലിക്കു പോയ മകൻ മടങ്ങിയെത്തിയില്ലെന്ന് മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ മനോജ്, അമിത് കുമാർ, അജയ് കുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നവംബർ 17ന് വിവാഹ സൽക്കാരത്തിനിടെ പങ്കജ് അതിഥികൾ ഭക്ഷണം കഴിച്ച പ്ലേറ്റുകൾ നീക്കുന്നതിനിടെ ഇവ ചില അതിഥികളുടെ ദേഹത്ത് തട്ടിയിരുന്നു. ഇതേത്തുടർന്ന് ഇവർ പങ്കജിനെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ പങ്കജിനെ എടുത്ത് നിലത്തടിക്കുകയും ചെയ്തു. മർദ്ദനമേറ്റ് മരിച്ച യുവാവിനെ മനോജും മറ്റു രണ്ടുപേരും ചേർന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനുമാണ് മൂവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.





