ഡല്‍ഹി: സര്‍ക്കാര്‍ ഡാറ്റേബേസുകളിലെ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ആളുകളുടെ മൊബൈലുകളിലേക്ക് മോദിയുടെ സന്ദേശമെത്തി. (whatsapp-message-from-modi-govt-seeking-feedback-viksit-bharat-sampark)
|
പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍ വിലയിരുത്തുന്നതിനും പദ്ധതികളുടെ നടത്തിപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നതിന് വേണ്ടിയാണ് സന്ദേശമെന്നാണ് വികസിത് ഭാരത് സമ്പര്‍ക്ക് എന്ന പേരില്‍ നിന്ന് വരുന്ന വാട്‌സാപ്പ് മെസേജില്‍ പറയുന്നത്. ചെറിയ കുറിപ്പിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അടങ്ങിയ പിഡിഎഫ് ഫയലും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതേ സമയം, ‘വികസിത് ഭാരത് സമ്പര്‍ക്കി’നെതിരെ പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ ഡാറ്റാബേസും മെസേജിംഗ് ആപ്പും രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മെറ്റയെ ടാഗ് ചെയ്ത് സന്ദേശം എക്സില്‍ പങ്കുവച്ചിട്ടുണ്ട്.

ജനങ്ങള്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നല്‍കിയ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്താണ് സന്ദേശമയക്കുന്നതെന്നാണ് വിവരം. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പേരിലുള്ളതാണ് സന്ദേശം വരുന്ന അക്കൗണ്ട്.
സന്ദേശത്തിനൊപ്പം പങ്കുവച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ കത്ത് രാഷ്ട്രീയ അജണ്ടയാണെന്നും സര്‍ക്കാര്‍ ഡാറ്റാബേസിന്റെ ദുരുപയോഗമാണെന്നും കോണ്‍ഗ്രസ് കുറിപ്പില്‍ ആരോപിച്ചു. മിക്ക ആളുകള്‍ക്കും വാട്സ് ആപ്പിലേക്ക് ഈ സന്ദേശം വന്നതായാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും വിഷയത്തില്‍ ബിജെപിക്കെതിരെ രംഗത്ത് വന്നു.
ജി.എസ്.ടി, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്തലാഖ് നിരോധനം, നാരി ശക്തി വന്ദന്‍, പുതിയ പാര്‍ലമെന്റ് മന്ദിരം, ഭീകരതയ്ക്കും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ നടപടികള്‍ തുടങ്ങിയവയാണ് സര്‍ക്കാരിന്റെ നേട്ടമായി മോദി കത്തില്‍ എടുത്തുപറയുന്നത്. ഈ മുന്നേറ്റം തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിലുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിനായി രാജ്യത്തുടനീളമുള്ള ജനങ്ങളുടെ നിര്‍ദേശങ്ങള്‍ തേടി ഫെബ്രുവരിയിലാണ് ബിജെപി പ്രസിഡന്റ് ജെ.പി നദ്ദ ‘വികസിത് ഭാരത് മോദി കി ഗാരന്റി’ വീഡിയോ വാനുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതിന്റെ ഭാഗമാണ് വാട്സ് ആപ്പ് സന്ദേശങ്ങള്‍.





