18
Oct 2024
Thu
18 Oct 2024 Thu
Who Will Inherit Ratan Tata's Rs 3,800 Crore Empire

‘ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ തലപ്പത്ത് ഇരിക്കുമ്പോഴും ഭാര്യയില്ല, പിന്തുടര്‍ച്ചയ്ക്ക് മക്കളില്ല. (Who Will Inherit Ratan Tata’s Rs 3,800 Crore Empire? ) ‘ആ ഒറ്റപ്പെടല്‍ പലപ്പോഴും ഞാന്‍ അനുഭവിച്ചിട്ടുണ്ട്’ – അന്തരിച്ച വ്യവസായ ഇതിഹാസം രത്തിന്‍ ടാറ്റ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങിനെയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് കണ്ടാണ് രത്തന്‍ വളര്‍ന്നത്. 10 വയസ്സായപ്പോള്‍ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തി രണ്ടുവഴിക്കു പിരിഞ്ഞു. വിവാഹ ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ ഒരു മുറിപ്പാടായി അത് കൊച്ചു രത്തന്റെ മനസ്സില്‍ പതിഞ്ഞിരുന്നു.

മുന്നിലേക്കുള്ള വഴിയേത് എന്നറിയാതെ ജീവിതത്തിന്റെ നാല്‍ക്കവലയില്‍ പകച്ചു നിന്ന രത്തനെ ആത്മവിശ്വാസം പകര്‍ന്നു കൈപിടിച്ചു നടത്തിയത് മുത്തശ്ശി നവജ്ബായി ആയിരുന്നു. മുത്തശ്ശി അവനോടു പറഞ്ഞു: തലയുയര്‍ത്തി നില്‍ക്കുക, പരിഹാസങ്ങളെ അവഗണിക്കുക, ആരോടും പരുഷമായും പരുക്കനായും ഇടപെടാതിരിക്കുക.

Ratan Tata young

മുത്തശ്ശി കാട്ടിയ വഴിയേ രത്തന്‍ മുന്നോട്ടു കുതിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് അമേരിക്കയില്‍ പോയി. ഇന്ത്യയിലെ അതിസമ്പന്നകുടുംബത്തിലെ സൗകര്യങ്ങളൊക്കെ മറന്നു ലൊസാഞ്ചലസില്‍ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു.

അവിടെവച്ചാണ് ഒരു പെണ്‍കുട്ടിയുമായി അടുത്തത്.
അമേരിക്കയില്‍ത്തന്നെ തുടരാനായിരുന്നു താല്‍പര്യം. പക്ഷേ, അതിനിടെയാണ് മുത്തശ്ശിയുടെ ആരോഗ്യം മോശമായത്. രണ്ടാമത് ഒന്നാലോചിക്കാതെ പ്രിയപ്പെട്ട മുത്തശ്ശിയുടെ അടുത്തേക്ക് രത്തന്‍ മടങ്ങി. പ്രണയഭാജനം പിന്നീട് എത്തുമെന്നായിരുന്നു തീരുമാനം, അതു നടന്നില്ല.

യുദ്ധം മുടക്കിയ വിവാഹം
വിവാഹശേഷം ഇരുവരും ഇവിടെ സ്ഥിരതാമസമാക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍, 1962 ചൈനയുമായുള്ള യുദ്ധം യുഎസിലെ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളായി. ഇന്ത്യയില്‍ വന്‍ യുദ്ധം നടക്കുകയാണെന്നും അതു പെട്ടെന്നു തീരാന്‍പോകുന്നില്ലെന്നും തോന്നിയ പെണ്‍കുട്ടി ഇന്ത്യയിലേക്കില്ലെന്നു തീര്‍ത്തുപറഞ്ഞു. അതോടെ ഇരുവരും വേര്‍പിരിഞ്ഞു.

വിവാഹമേ വേണ്ടെന്ന് വയ്ക്കാനുള്ള രണ്ടാത്തെ കാരണമായി മാറി ആ പ്രണയനൈരാശ്യം. അതേക്കുറിച്ച രത്തന്‍ ടാറ്റ പിന്നീട് പറഞ്ഞതിങ്ങനെ: ‘അവള്‍ അവിടെത്തന്നെ ഒരാളെ വിവാഹം കഴിച്ചു. ഞാന്‍ പിന്നെ വിവാഹം കഴിച്ചുമില്ല’. നാല് തവണ വിവാഹത്തോട് അടുത്തെത്തിയെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല.

3800 കോടിയുടെ സ്വത്തുക്കള്‍

Leah, Neville, Maya
ടൈംസ് നൗ ന്യൂസിന്റെ കണക്ക് പ്രകാരം 3,800 കോടിയുടെ സ്വത്തുക്കളാണ് ടാറ്റയ്ക്കുള്ളത്. ടാറ്റ ട്രസ്റ്റ്‌സ് ആണ് പ്രധാന വരുമാന സ്രോതസ്സ്.

മക്കളില്ലാത്ത രത്തന്‍ ടാറ്റയുടെ സ്വത്തുക്കള്‍ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയുടെ മക്കളിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. നോയല്‍ ടാറ്റയുമായി രത്തന്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മായ ടാറ്റ, നെവില്‍ ടാറ്റ, ലിയാ ടാറ്റ എന്നിവരാണ് നോയല്‍ ടാറ്റയുടെ മക്കള്‍.

ഇതില്‍ മായ ടാറ്റയ്ക്ക് ആണ് രത്തന്‍ ടാറ്റയുടെ പിന്തുടര്‍ച്ചാവകാശിയായി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നിലവില്‍ ടാറ്റ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റ് ബോര്‍ഡില്‍ അംഗമാണ് മായ.

കൊച്ചിയിലെ അവധിക്കാലം

രത്തന്‍ ടാറ്റ വിദ്യാര്‍ഥിയായിരിക്കെ അവധിക്കാലം ചെലവിട്ടിരുന്നതു കൊച്ചിയിലെ ടാറ്റാപുരത്തായിരുന്നു. ആ ദിനങ്ങള്‍ അതിമനോഹരമായിരുന്നെന്നും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പതിറ്റാണ്ടുകള്‍ക്കു ശേഷവും പറഞ്ഞു.

രത്തന്റെ പിതാവ് നവല്‍ ടാറ്റ അന്നു ടോംകോ (ടാറ്റാ ഓയില്‍ മില്‍സ് കമ്പനി) ചെയര്‍മാനായിരുന്നു. അങ്ങനെയാണ് രത്തനും സഹോദരനും അവധിക്കാലമെത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം മുംബൈയില്‍നിന്നു കൊച്ചിയിലേക്കു വിമാനം കയറിയത്.

മൂന്നാറില്‍ ഏറെ ദിനങ്ങള്‍ ചെലവഴിച്ചിട്ടുള്ള അദ്ദേഹത്തിന് അവിടത്തെ പ്രകൃതി ഹരമായിരുന്നു. 97ല്‍ മൂന്നാര്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ പറഞ്ഞു: ‘സമചിത്തതയില്ലാത്ത വികസനം അപകടകരമാണ്. പ്രകൃതിഭംഗി നഷ്ടപ്പെടുത്തുന്ന ഒന്നും അരുത്’.

പിയാനോ, ആര്‍ക്കിടെക്ട്, സ്‌കൂബ ഡൈവിങ്
75ാം വയസ്സില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരമിക്കുമ്പോള്‍ രത്തന്‍ ടാറ്റ പറഞ്ഞു: ഇനിയെനിക്കു പിയാനോ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഒന്‍പതാം വയസ്സില്‍ കുറച്ചു പഠിച്ച് നിര്‍ത്തേണ്ടിവന്നു. ശിഷ്ടകാലം ആര്‍ക്കിടെക്ടായി ജോലിചെയ്താല്‍ കൊള്ളാമെന്നും അദ്ദേഹം പറയുമായിരുന്നു.

ഒന്നുരണ്ടു വീടുകള്‍ അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്തു. ചെവിയിലെ പ്രശ്‌നങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നു പറയുവോളം സ്‌കൂബ ഡൈവിങ്ങും ഹരമായിരുന്നു. പാട്ടും വായനയും മുടക്കമില്ലാത്ത ദിനചര്യയുടെ ഭാഗമായിരുന്നു. അതിവേഗ കാറുകളും വിമാനങ്ങളും വലിയ ഹരമായിരുന്നു.