ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന്റെ സാധ്യതകൾ കെടുത്തുന്ന വിധത്തിലേക്ക് വളർന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവനേതാവ് സചിൻ പൈലറ്റും തമ്മിലുള്ള തർക്കം പരിഹരിച്ച് പാർട്ടി. പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിനെ ഗെലോട്ടും പൈലറ്റും ഒന്നിച്ച് നേരിടുമെന്നും കാൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷം ഇരുനേതാക്കളും പറഞ്ഞു.
|
രാഹുൽ ഗാന്ധിയുടേയും ഖാർഗെയുടേയും നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഇരുനേതാക്കളുമായും പ്രത്യേകം ചർച്ചകൾ നടത്തിയ ശേഷമാണ് ഒന്നിച്ചുള്ള കൂടിക്കാഴ്ച നടന്നത്. ചർച്ചകളിൽ സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപാലും പങ്കെടുത്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ചർച്ചകളിലാണ് സച്ചിൻ പൈലറ്റ് വഴങ്ങിയത്. സച്ചിൻ ഉയർത്തിയ പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഉറപ്പുനൽകി. സച്ചിനെ പൈലറ്റിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് അശോക് ഗെലോട്ടിനോട് ഹൈക്കമാൻഡ് നിർദേശിച്ചു. ഇത് ഗെലോട്ടും അംഗീകരിച്ചു.
വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതികളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രംഗത്ത് എത്തിയിരുന്നു. ഈമാസം അവസാനത്തിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. മുൻ സർക്കാരിന്റെ അഴിമതി വിഷയത്തിലാണെങ്കിൽ കൂടി പൈലറ്റ് സംസ്ഥാന സർക്കാരിനെതിരെ തിരിയുന്നത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വലിയ തിരിച്ചടിയാകും രാജസ്ഥാനിൽ കോൺഗ്രസിനുണ്ടാക്കുകയെന്ന് തിരിച്ചറിഞ്ഞാണ് ഹൈക്കമാൻഡ് ഇടപെടൽ.
രാജസ്ഥാൻ പി.എസ്.സി ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ നിരവധി അഴിമതിക്കേസുകളിൽ നടപടിയെടുക്കുന്നതിൽ ഗെലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്നാണ് പൈലറ്റ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ ജൻ സംഘർഷ് യാത്രയും അദ്ദേഹം ആഹ്വാനം ചെയ്തു.





