18
Dec 2023
Wed
18 Dec 2023 Wed

ഗസയിൽ ഹമാസ് ബന്ദികളാക്കിവച്ചിരിക്കുന്നവരിൽ നിന്നു 40 പേരെ മോചിപ്പിച്ചാൽ ഒരാഴ്ചത്തെ വെടിനിർത്തലിനു തയ്യാറാണെന്ന് ഇസ്രായേൽ. എന്നാൽ ബന്ദിമോചന ചർച്ച തുടങ്ങമെങ്കിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ഹമാസ് പ്രതികരിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഇസ്രായേൽ ഇത്തരമൊരാവശ്യം ഉന്നയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊസാദ് തലവൻ ഡേവിഡ് ബാർണിയ, സി.ഐ.എ തലവൻ ബിൽ ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ബന്ദിമോചനമടക്കമുള്ള വിഷയങ്ങളിൽ ചർച്ച തുടങ്ങണമെങ്കിൽ യുദ്ധം അവസാനിപ്പിക്കണമെന്നതാണ് ഹമാസിന്റെ വ്യവസ്ഥയെന്ന് ഖത്തർ പ്രധാനമന്ത്രി സിഐഎ, മൊസാദ് തലവൻമാരെ അറിയിച്ചു. ഗസയിൽ യുദ്ധം പൂർണമായി നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ ഇസ്രായേലിന് കൈമാറണമെന്നുമാണ് മൊസാദ് തലവൻ അറിയിച്ചത്.

സ്ത്രീകളും 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരും മാരകരോഗങ്ങളോ ഗുരുതര പരിക്കുകളോ ബാധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ളവരുമായ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ബന്ദികളെയും തടവുകാരെയും കൈമാറുന്നതിനായി നവംബറിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ആക്രമണം പുനരാരംഭിച്ച ശേഷം ഇസ്രായേൽ മുന്നോട്ടു വയ്ക്കുന്ന ആദ്യ വെടിനിർത്തൽ കരാറാണിത്. ഇസ്രായേലി പൗരന്മാരും വിദേശികളും അടക്കം 130 ഓളം പേർ ഇപ്പോഴും ഗസയിൽ ഹമാസിന്റെ തടവിലാണ്. ബന്ദികളിൽ എട്ട് അമേരിക്കക്കാരും ഉണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി അറിയിച്ചിരുന്നു.

നേരത്തെ 80 ബന്ദികളെ വിട്ടയച്ചതിന് പകരമായാണ് ഒരാഴ്ച വെടിനിർത്തിയത്. എന്നാൽ, ഇത്തവണ 40​ പേർക്ക് പകരം ഒരാഴ്ച വെടിനിർത്താമെന്നും കൂടുതൽ ഫലസ്തീനികളെ വിട്ടയക്കാമെന്നും ഇസ്രായേൽ അറിയിച്ചു. ഗുരുതര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനും തങ്ങൾ സന്നദ്ധരാ​ണെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്.

അതേസമയം, മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ കെയ്‌റോയിൽ എത്തിയതായും റിപ്പോർട്ടുണ്ട്. ആക്രമണം ആരംഭിച്ച് 70 ദിവസം പിന്നിടുമ്പോഴും ബന്ദികളെ കണ്ടെത്താനോ മോചനത്തിന് വഴിയൊരുക്കാനോ കഴിയാത്തത് ഇസ്രായേലിൽ വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഗസയിൽ മൂന്ന് ഇസ്രായേൽ ബന്ദികളെ ഇസ്രായേൽ സേന തന്നെ അബദ്ധത്തിൽ ​വെടിവച്ചുകൊന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.