രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റിലെത്തുമോ? ഉറ്റുനോക്കി രാജ്യം; സ്പീക്കര്‍ അനുവദിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും
|
ന്യൂഡല്‍ഹി: മൂന്നരമാസത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുമോ? സുപ്രീംകോടതി വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി സഭയിലേക്ക് തിരികെയെത്തുന്നതിനുള്ള പേപ്പറുകളടക്കം തയ്യാറായെങ്കിലും സ്പീക്കര്‍ പേപ്പറില്‍ ഒപ്പിട്ടിട്ടില്ല. ലോക്‌സഭാംഗത്വം റദ്ദാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് നേരത്തേ വിജ്ഞാപനമിറക്കിയതിനാല്‍ ഇത് പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനം ആവശ്യമാണ്. ഇതിനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി കാത്തിരിക്കുകയാണ്. സ്പീക്കര്‍ അംഗീകാരം നല്‍കുന്നതോടെ രാഹുലിന് സഭയിലെത്താന്‍ കഴിയും.
എന്നാല്‍, അംഗീകാരം നല്‍കാന്‍ സ്പീക്കര്‍ സമയം എടുക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. സ്പീക്കറുടെ ഒപ്പ് കിട്ടിയാലുടന്‍ പാര്‍ലമെന്റിലേക്ക് രാഹുലിനെ എത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. എം.പിസ്ഥാനം രാഹുല്‍ ഗാന്ധിക്ക് ഇന്ന് തിരികെ നല്‍കിയില്ലെങ്കില്‍ അഭിഷേക് മനു സിങ്വിയുടെ അധ്യക്ഷതയിലുള്ള നിയമസംഘം ഹരജി നല്‍കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്. മണിപ്പൂര്‍ സന്ദര്‍ശനത്തിലെ അനുഭവങ്ങള്‍ ലോക്‌സഭയില്‍ വിവരിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നത്. വൈകുന്നേരത്തിനുള്ളില്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് നോട്ടിഫിക്കേഷന്‍ ഇറക്കിയില്ലെങ്കില്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും നാളെ രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മുമ്പാകെ പരാമര്‍ശിക്കുകയും ചെയ്യും.
നേരത്തേ അംഗത്വം റദ്ദാക്കപ്പെട്ട ലക്ഷദ്വീപ് എം.പി എന്‍.സി.പിയുടെ പിപി മുഹമ്മദ് ഫൈസല്‍ ശിക്ഷാവിധി സ്‌റ്റേ ചെയ്ത് 63 ദിവസത്തിന് ശേഷമാണ് പാര്‍ലമെന്റില്‍ തിരികെയെത്തിയത്. അംഗത്വം വീണ്ടെടുക്കുന്നതിന് കാലതാമസം നേരിട്ടതിനാല്‍ ഇദ്ദേഹം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.





