30
Mar 2024
Sat
30 Mar 2024 Sat
woman arrested for poses as cbi officer and dupes family of 52 lakh rupees

സിബിഐ, വിജിലന്‍സ് ഓഫിസര്‍ ചമഞ്ഞ് യുവതിയും ഭര്‍ത്താവും അടക്കമുള്ള സംഘം 52 ലക്ഷം രൂപ തട്ടിയെടുത്തു. ഹരിയാനയിലെ പെഹോവ ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ പണമാണ് ആറംഗസംഘം തട്ടിയെടുത്തത്. ലുഥിയാനയിലെ കര്‍ഷകനില്‍ നിന്ന് 50 ലക്ഷം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയെ തുടര്‍ന്ന് പഞ്ചാബ് വിജിലന്‍സ് ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് പൂജ റാണി എന്ന യുവതിയടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും പൂജാറാണിയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൂജയുടെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.(woman arrested for poses as cbi officer and dupes family of 52 lakh rupees)

ചണ്ഡീഗഡ് വിജിലന്‍സ് ഓഫിസര്‍മാരെന്ന വ്യാജേന കര്‍ഷകനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപയുടെ രണ്ടുചെക്കുകള്‍ കൈപ്പറ്റിയെന്ന പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. പാരമ്പര്യമായി ലഭിച്ച 18 ഏക്കര്‍ ഭൂമി വിറ്റതിനു പിന്നാലെയായിരുന്നു തട്ടിപ്പുകാര്‍ പണി തുടങ്ങിയത്.

2023 ആഗസ്ത് 12ന് പ്രതികളില്‍ മൂന്നുപേര്‍ കര്‍ഷകന്റെ വീട്ടിലെത്തുകയും ചണ്ഡീഗഡില്‍ നിന്നുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തുകയും ചെയ്തു. കര്‍ഷകന്‍ വിറ്റത് പഞ്ചായത്ത് വക സ്ഥലമാണെന്നും ഈ കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ 50 ലക്ഷം രൂപ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. 25 ലക്ഷം രൂപ ഉണ്ടാക്കി നല്‍കാമെന്ന് കര്‍ഷകന്‍ സമ്മതിച്ചതോടെ ഉറപ്പിന് 10 ലക്ഷത്തിന്റെയും 15 ലക്ഷത്തിന്റെയും രണ്ടു ചെക്കുകള്‍ എഴുതി നല്‍കണമെന്നും പണം നല്‍കുന്നതോടെ ചെക്കുകള്‍ തിരികെ നല്‍കാമെന്ന് പ്രതികള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

ചെക്ക് നല്‍കിയെങ്കിലും കര്‍ഷകന്‍ പണം നല്‍കാതെ വന്നതോടെ പ്രതികള്‍ വാട്‌സ്ആപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തി തുടങ്ങി. ഇതോടെ കര്‍ഷകന്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയും ചോദ്യംചെയ്യലില്‍ ഹരിയാനയിലെ കുടുംബത്തെ സിബിഐ ഓഫിസര്‍ ചമഞ്ഞ് കബളിപ്പിച്ച 52 ലക്ഷം തട്ടിയെടുത്തെന്ന വിവരം പ്രതികള്‍ വെളിപ്പെടുത്തിയത്.