
ലോകത്താദ്യമായി മനുഷ്യർക്കൊപ്പം മാരത്തൺ ഓടാൻ റോബോട്ടുകളും. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ ഡാക്സിങ് ജില്ലയിൽ ഏപ്രിലിൽ ആണ് കൌതുകകരമായ മൽസരം നടക്കുക. 21 കിലോമീറ്റർ ഹാഫ് മാരത്തണിലാണ് റോബോട്ടുകൾ മനുഷ്യർക്കൊപ്പം ഓടുക. 12000ത്തിലേറെ കായികതാരങ്ങൾക്കൊപ്പം ഡസൻകണക്കിന് റോബോട്ടുകളാണ് ഓടുന്നത്. ആദ്യമെത്തുന്ന മൂന്നുപേർക്കാണ് സമ്മാനം ലഭിക്കുക. ഇരുപതിലേറെ കമ്പനികൾ വികസിപ്പിച്ചതാണ് റോബോട്ടുകളെന്നും മനുഷ്യരെ പോലെ കാലുകൾ മുന്നോട്ടും പിന്നോട്ടും നീക്കാൻ ശേഷിയുള്ളവയാണ് ഇവയെന്നും അധികൃതർ അറിയിച്ചു. 1.6 അടി മുതൽ 6.5 അടി വരെ ഉയരമുള്ള റോബോട്ടുകളാവും ഓടാനെത്തുക.
![]() |
|
കായിക്ഷമതയുള്ള മനുഷ്യരുടെ ശേഷിക്കു സമാനമായ രീതിയിലാണ് ഈ റോബോട്ടുകളെ തയ്യാറാക്കിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. പൂർണമായും തനിയെ പ്രവർത്തിക്കുന്നതും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്നതുമായ റോബോട്ടുകളുടെ ബാറ്ററി മൽസരത്തിനിടെ മാറ്റാനുള്ള അവസരമുണ്ട്. എംബോഡീഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ് ഇന്നവേഷൻ സെന്റർ വികസിപ്പിച്ച് ടിയാങ്ഗോങ് എന്ന പേരിട്ടിരിക്കുന്ന റോബോട്ടിന് മണിക്കൂറിൽ ശരാശരി 10 കിലോമീറ്റർ ഓടാനുള്ള ശേഷിയുണ്ട്.
കഴിഞ്ഞവർഷം ബെയ്ജിങ്ങിൽ നടന്ന യിഴോങ് ഹാഫ് മാരത്തണിന്റെ തുടക്കത്തിലും ഒടുക്കത്തിലും മാത്രം ടിയാങ്ഗോങ് പങ്കെടുത്തിരുന്നു. ഏപ്രിലിൽ നടക്കുന്ന മാരത്തണിൽ ഹ്യൂമണോയ്ഡുകൾ മുഴുവനായി പങ്കെടുക്കുന്ന എന്നതാണ് പ്രധാന സവിശേഷത. തൊഴിൽ ശക്തി വർധിപ്പിക്കുന്നതിനും ഒരു തലമുറയാകെ പ്രായം ചെന്നതിന്റെ പ്രതിസന്ധി മറികടക്കുന്നതിനുമായി ചൈന വൻതോതിൽ ഹ്യൂമനോയ്ഡുകളെ നിർമിച്ചുവരികയാണ്. ആഗസ്തിൽ ഹ്യൂമനോയ്ഡ് റോബോട്ടുകളെ പങ്കെടുപ്പിച്ച് കായികമേള സംഘടിപ്പിക്കാനും ചൈന തയ്യാറെടുക്കുകയാണ്.
ALSO READ: മക്ക ഹറം പള്ളിയിൽ ഖുർആൻ പാരായണം ചെയ്യാനും ബാങ്ക് വിളിക്കാനും ഇനി റോബോട്ട്