29
May 2023
Sun
29 May 2023 Sun

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെതിരെ പതിനഞ്ചാം ദിവസവും സമരം തുടരുന്ന താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യം. ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ഞായർ രാത്രി ഏഴിന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. എല്ലാ പൗരന്മാരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സമരമുഖത്തുള്ള ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ, സാക്ഷി മലിക്, വിനേഷ് ഫോഗട്ട് എന്നിവർ അഭ്യർഥിച്ചു. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരും വിദ്യാർഥികളും തൊഴിലാളികളും ഖാപ്പ് പ്രതിനിധികളും ഞായറാഴ്ച ജന്തർമന്തറിലേക്ക് മാർച്ചും നടത്തും. തുടർന്ന് ഇവിടെ മഹാ പഞ്ചായത്ത് ചേരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമരത്തിന്റെ ഭാവി തീരുമാനിക്കാൻ രണ്ട് സമിതിക്ക് രൂപംനൽകിയിട്ടുണ്ട്. 31 പേരടങ്ങുന്ന കമ്മിറ്റിയിൽ താരങ്ങൾക്ക് പുറമേ കർഷകർ, മഹിളാ സംഘടനകൾ, ഖാപ്പ് പ്രതിനിധികളുമുണ്ട്. ഗുസ്തി മേഖലയിൽ നിന്നുള്ളവർക്ക് മാത്രമായി ഒമ്പതുപേരുള്ള മറ്റൊരു കമ്മിറ്റിയുമുണ്ട്. പ്രതിഷേധം അലങ്കോലപ്പെടുത്താൻ പൊലീസ് പ്രകോപനമുണ്ടാക്കുമെന്നും ജാഗ്രത വേണമെന്നും വിനേഷ് ഫോഗട്ട് മുന്നറിയിപ്പുനൽകി. നേരത്തേ സമരവേദിയിൽ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ ബിജെപിക്കാർ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

164 പ്രകാരമുള്ള മൊഴിയെടുക്കാൻ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് തയ്യാറാകണമെന്ന് സാക്ഷി മലിക് ആവശ്യപ്പെട്ടു. മൊഴിയെടുക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കാനാകുന്നില്ലെന്നും ഇവർ പറഞ്ഞു.