|
കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിക്ക് താന്‍ എതിരാണെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം എന്‍ കാരശേരി. അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തേയും ഇല്ലാതാക്കാനാകില്ല. പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്ന ആശയത്തെ ആശയം കൊണ്ടാണ് നേതിടേണ്ടതെന്നും കാരശേരി പറഞ്ഞു.
‘പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തനിക്ക് തീര്‍ത്തും എതിര്‍പ്പാണ്. പക്ഷേ ആ സംഘടനയെ അല്ല, ഏത് സംഘടനയെ നിരോധിക്കുന്നതും ജനാധിപത്യ വിരുദ്ധ നിലപാടാണ്. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസിനെ നിരോധിച്ചിരുന്നു. അതുകൊണ്ട് എന്ത് പ്രയോജനം ഉണ്ടായി. അടിയന്തരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. എന്നിട്ടും വല്ല പ്രയോജനം ഉണ്ടായോ?’- എം എന്‍ കാരശേരി ചോദിച്ചു.
ഇവിടെ ഹിന്ദു തീവ്രവാദമുണ്ട്. അതിന് മറുപടിയാണ് മുസ്‌ലിം തീവ്രവാദം എന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ തത്വം. ഹിന്ദു തീവ്രവാദത്തിന് മറുപടിയായി ജനാധിപത്യമാണ് ഉണ്ടാകേണ്ടത്. ഏത് ആശയത്തിനും പ്രചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അതിനെ ആശയപരമായാണ് നേരിടേണ്ടതെന്നും കാരശേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം പിഎഫ്‌ഐ നിരോധനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുവന്നു. വംശീയ ഭരണകൂടം ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതികരിച്ചു.



