മദ്രാസ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസറായ യുവ ഡോക്ടർ ഡ്രിപ്പിട്ട് രക്തം പുറത്തേക്കൊഴുക്കി ജീവനൊടുക്കി. ആൾവാർപേട്ട് സ്വദേശിയും പുതുച്ചേരിയിൽ ഡോക്ടറുമായ ഉലകനാഥന്റെയും കസ്തൂരിയുടെയും മകനും സർജിക്കൽ ഗാസ്ട്രോഎൻട്രോളജി വിദഗ്ധനുമായ ഡോ. യു കാർത്തി (42)ആണ് ജീവനൊടുക്കിയത്. എന്റെ ജീവിതം മനോഹരമായി അവസാനിച്ചു. മരണത്തിന് ആരും ഉത്തരവാദികളല്ല എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് അപ്പാർട്ട്മെന്റിൽ നിന്ന് കണ്ടെത്തി.
|
ചെന്നൈയ്ക്കു സമീപം ആൾവാർപേട്ടിലാണ് സംഭവം. ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ ഡോക്ടർ തനിച്ചാണ് താമസിച്ചിരുന്നത്. ആറു മാസം മുൻപാണ് അദ്ദേഹം രാജീവ് ഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിക്കു ചേർന്നത്. കോവിഡ് കാലത്ത് ചെങ്കൽപേട്ടയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ മൂന്നു തവണ കോവിഡ് ബാധിക്കുകയും ചെയ്തു. കാർത്തിയുടെ സഹോദരി ദീപ യുഎസിൽ ഡോക്ടറാണ്.
സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്ന കാർത്തിയെ രണ്ടു ദിവസം തുടർച്ചയായി ഫോണിൽ കിട്ടാതായതോടെ യുഎസിലുള്ള ദീപ പുതുച്ചേരിയിലുള്ള പിതാവ് ഉലകനാഥനെ വിവരമറിയിക്കുകയായിരുന്നു. പിതാവും തുടർച്ചയായി ഫോൺ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് ദീപ ചെന്നൈയിലുള്ള തന്റെ സുഹൃത്തായ ഡോ.ശ്രീവിദ്യയോട് കാർത്തി താമസിക്കുന്ന വീട്ടിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ശ്രീവിദ്യ എത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയും അപാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുകയുമായിരുന്നു. ചോരവാർന്ന് കസേരയിൽ മരിച്ചിരിക്കുന്ന നിലയിലായിരുന്നു കാർത്തിയുടെ മൃതദേഹം. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
ശ്രീവിദ്യ നൽകിയ വിവരമനുസരിച്ച് തേനാംപേട്ട് പൊലീസ് സ്ഥലത്തെത്തി. കാർത്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഇരു കൈകളിലും ഡ്രിപ് ഇട്ട് ചോര ഒഴുക്കിക്കളഞ്ഞായിരുന്നു കാർത്തിയുടെ മരണമെന്നും ആഗസ്ത് 19 നാണ് മരണം നടന്നിരിക്കാൻ സാധ്യതയെന്നും പൊലീസ് അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





