16
Apr 2026
Thu
16 Apr 2026 Thu

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമന്‍ (38)ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രിയായിരുന്നു സംഭവം. വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയിലെ മുക്കോലയിലെ ബാറില്‍ വെച്ചാണ് തര്‍ക്കമുണ്ടായത്. അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു.

ഒടുവില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.

അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സുമന്റെ തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് അന്വേഷണം തുടങ്ങി. ബാറിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.