കൊച്ചി: 1995 നവംബർ പത്തിന് നൈജീരിയയിലെ പട്ടാളഭരണകൂടം തൂക്കിലേറ്റിയ പരിസ്ഥിതി, അവകാശ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെൻ സരോ വിവയുടെ ആവേശോജ്ജ്വല സ്‌മരണകൾ ഉയർത്തുന്ന മകൾ സിന സരോ വിവയുടെ സമകാലീന കലാവിഷ്‌കാരം കൊച്ചി മുസിരിസ് ബിനാലെ അഞ്ചാംപതിപ്പിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ചൂഷിതരോടും പ്രകൃതിയോടും പുലർത്തിയ വിട്ടുവീഴ്ചയിലെത്തിയ കൂറിന്റെപേരിൽ രക്തസാക്ഷിയാകേണ്ടിവന്ന പിതാവിന്റെ ആദർശങ്ങളിലും നിലപാടുകളിലും നിലയുറപ്പിച്ചാണ് സിനയുടെ ജീവിതവും. അത് പ്രകടമാകുന്നുണ്ട്, ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ച സിനയുടെ ‘ഹോളി സ്റ്റാർ ബോയ്‌സ്’ എന്ന ആവിഷ്‌കാരത്തിൽ .
|
നൈജീരിയയുടെ തെക്കേയറ്റത്ത് ന്യൂനപക്ഷ ഗോത്രവിഭാഗമായ ഒഗോണികൾ അധിവസിക്കുന്ന നൈജർ നദീതടത്തിലെ ജീവിതത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ ഭാവതലങ്ങൾ പ്രതീകാത്മകം പ്രതിഫലിപ്പിക്കുന്നതാണ് അഞ്ചുഭാഗങ്ങൾ ഉൾക്കൊള്ളുന്ന ‘ഹോളി സ്റ്റാർ ബോയ്‌സ്’. പരിസ്ഥിതി മലിനീകരണവും പ്രകൃതി ചൂഷണവും മൂലം തകർന്നടിഞ്ഞതിന്റെ പേരിൽ ലോകത്ത് കുപ്രസിദ്ധമായ പ്രദേശമാണ് നൈജർ നദീതടം. മാനിന്റെ തലയോട് സാമ്യമുള്ള ഒഗോണികളുടെ തനത് മുഖംമൂടി ധരിച്ച രണ്ടു മനുഷ്യ രൂപങ്ങളിലൂടെ ‘ഹോളി സ്റ്റാർ ബോയ്‌സി’ൽ സിന നൈജർ നദീതടത്തിന്റെ അവസ്ഥയെ അഭിമുഖീകരിക്കുമ്പോൾ വിവിധങ്ങളായ ആശയങ്ങളും അവബോധങ്ങളും ഉരുത്തിരിയുന്നു.
ആധുനികവത്കരണം പരമ്പരാഗത സംസ്‌കാരത്തെ ബാധിക്കുന്നത്, കലർപ്പുണ്ടാകുന്നത്, ഇരട്ടവ്യക്തിത്വം, അന്യവത്കരണം, പ്രാപഞ്ചിക ജീവശാസ്ത്ര തത്വങ്ങൾ എന്നിങ്ങനെ ചിന്തകൾ ജനിപ്പിക്കുന്നു, ലൈറ്റ് ബോക്‌സിലെ സി – പ്രിന്റിലുള്ള ആവിഷ്‌കാരം. ജന്മനാട്ടിൽ ഭൗമികമായി അന്യവത്‌കരിക്കപ്പെട്ടവരുടെ സങ്കരമാണ് ‘ഹോളി സ്റ്റാർ ബോയ്‌സ്’ – സിന കെൻ സരോ വിവ പറയുന്നു.
പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തകൻ, കവി , എഴുത്തുകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ കെൻ സരോ വിവ ലോകത്ത് അനശ്വരത നേടിയെങ്കിൽ വീഡിയോ ഇൻസ്റ്റലേഷനുകൾ, ഡോക്യൂമെന്ററികൾ, സംഗീത വീഡിയോകൾ, പരീക്ഷണാത്മക ചലച്ചിത്രങ്ങൾ എന്നിവയിലൂടെ പ്രശസ്‌തയാണ് മകൾ സിന. ബിബിസിയിൽ മാധ്യമപ്രവർത്തകയായിരുന്ന ഈ 47 കാരി ബ്രൂക്ക്‌ലിൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.



