കേന്ദ്രസർക്കാരിൻറെ നോട്ട് നിരോധനം സുപ്രിംകോടതി ശരിവച്ചു. നോട്ട് നിരോധനം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നുള്ള ഹരജിക്കാരുടെ വാദം തള്ളിയാണ് കോടതി കേന്ദ്രനടപടി ശരിവച്ചത്. ഭരണാഘടനാപരമായി തെറ്റായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ബി വി നാഗരത്‌നയുടെ വിയോജിപ്പോടെ നാലുപേർ നോട്ട് നിരോധനം ശരിവയ്ക്കുകയായിരുന്നു.
|
ആർബിഐ ചട്ടം അനുസരിച്ച് ഏതെങ്കിലും സീരിസിൽപെട്ട നോട്ട് നിരോധിക്കാൻ മാത്രമേ കേന്ദ്രത്തിന് അധികാരമുള്ളു എന്ന ഹരജിക്കാരുടെ വാദം കോടതി തള്ളി. ആർബിഐ ആക്ട് സെക്ഷൻ 26/2 പ്രകാരം ഏത് ശ്രേണിയിൽപെട്ട നോട്ടും നിരോധിക്കാനുമുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരോധനം ലക്ഷ്യം നേടിയില്ല എന്നതുകൊണ്ട് തീരുമാനം ശരിയല്ല എന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആർബിഐ ആക്ട് സെക്ഷൻ 26/2 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേന്ദ്ര നടപടിയെന്നായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ നിലപാട്. പാർലമെൻറ് മുഖേനയുള്ള നിയമനിർമാണം വേണ്ടിയിരുന്നെന്നും ഇതുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജ്ഞാപനം വഴി നോട്ട് നിരോധിക്കാനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള 58 ഹരജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. 2016 നവംബർ 8ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടാണ് 500, 1000 രൂപ നോട്ടുകൾ നിരോധിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതുമൂലം ജനം ഏറെ കെടുതികൾ അനുഭവിച്ചിരുന്നു. അധ്വാനിച്ചുണ്ടാക്കിയ പണം അസാധുവായതോടെ ഇതു മാറാനായി ബാങ്കുകൾക്ക് മുമ്പിൽ മണിക്കൂറുകൾ വരി നിൽക്കേണ്ട ഗതികേട് അവർ നേരിടുകയുണ്ടായി. നിരോധിക്കപ്പെട്ട പണം പൂർണമായും തിരികെ വന്നതോടെ കള്ളപ്പണം തടയലെന്ന കേന്ദ്രവാദം പൊളിയുകയും ചെയ്തിരുന്നു.



