22
Sep 2022
Mon
22 Sep 2022 Mon

മുൻ സംസ്ഥാന എഡിജിപി ഇ ജെ ജയരാജ് ബിജെപിയിൽ ചേർന്നു. കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് ഇ ജെ ജയരാജ് ബിജെപി അം​ഗത്വം സ്വീകരിച്ചത്. 2021 മെയിലാണ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എഡിജിപി ഇ ജെ ജയരാജ് ഐപിഎസ് സർവീസിൽ നിന്ന് വിരമിച്ചത്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മനുഷ്യാവകാശ കമ്മീഷൻ ഐജി, രഹസ്യാന്വേഷണ വിഭാ​ഗം ഐജി എന്നീ പദവികൾ വഹിച്ചിട്ടുണ്ട് ഇ ജെ ജയരാജ്. ക്രൈം ബ്രാഞ്ച് ഐജിയായിരിക്കുമ്പോൾ  പൊലീസ് വാഹനത്തിൽ പൊതുസ്ഥലത്ത് മദ്യപിച്ചതിനും പ്രശ്നമുണ്ടാക്കിയതിനും ജയരാജനെ സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ വകുപ്പ് തല അന്വേഷണത്തിൽ കുറ്റവിമുക്തനാക്കുകയും തീരദേശസുരക്ഷയുടെ എഡിജിപിയായി ജയരാജിന് സ്ഥാനക്കയറ്റം നൽകുകയുമാണുണ്ടായത്. 2020 ആ​ഗസ്തിലായിരുന്നു ഇത്. 

 

ട്രെയിൻ യാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിനും സസ്പെൻഷൻ ലഭിച്ചയാളാണ് ജയരാജ്. നടപടി ശാസനയിൽ ഒതുക്കി ജയരാജനെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു. 

 

സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി പി സെൻകുമാറും സർവീസിൽ നിന്നു വിരമിച്ചതിനു പിന്നാലെ ബിജെപിയിൽ ചേർന്നിരുന്നു. കേരള പൊലീസിൽ സംഘപരിവാര ബന്ധമുള്ളവരുണ്ടെന്നും സർക്കാരിനെ പോലും പ്രതികൂട്ടിലാക്കുന്ന നടപടികൾ ഇവരിലൂടെ നടപ്പാക്കപ്പെടുന്നുണ്ടെന്നുമുള്ള ആരോപണങ്ങൾ അനുദിനം ഉയരുന്നതിനിടെയാണ് റിട്ട എഡിജിപി ഇജെ ജയരാജിന്റെ ബിജെപി പ്രവേശനവും ഉണ്ടായിരിക്കുന്നത്.