28
Jul 2024
Fri
28 Jul 2024 Fri
arrest

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പോലീസ് പരിശോധനയ്ക്കിടെ ബംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതി തടിയന്റവിടെ നസീറിന്റെ സഹോദരന്‍ ഷമാല്‍ (46) ഉള്‍പ്പെടെ 10 പേര്‍ പിടിയില്‍. (10 people, including Nasir’s brother, were arrested; The police said that they were preparing for robbery) പുതൂര്‍ കുളത്തുപാളയം ഭാഗത്ത് പോലീസ് രാത്രി പരിശോധന നടത്തുന്നയ്ക്കിടെയാണ് ഇവര്‍ അറസ്റ്റിലായത്. കവര്‍ച്ച നടത്താന്‍ ഒരുങ്ങുകയായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്. സംഘത്തിലെ ഒരാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട് സ്വദേശി ചേറ്റുകുണ്ടില്‍ ബിസിനസ് നടത്തുന്ന മുഹമ്മദ് സിയാവുദീന്‍ (40), കാഞ്ഞങ്ങാട് സ്വദേശികളായ ഡ്രൈവര്‍ സുനില്‍ (45), റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന സമീര്‍ (32), മല്‍സ്യ വില്‍പ്പനക്കാരനായ പ്രസാദ് (25), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഹാലിം (47), തിരുപ്പൂര്‍ മംഗലം സ്വദേശികളായ സലിം മാലിക് (25), കാങ്കയം സ്വദേശി മുഹമ്മദ് യാസിര്‍ (18), കര്‍ണാടക സ്വദേശി നൗഫല്‍ കാസിം ഷേഖ് (29), കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുഹമ്മദ് അനസ് (29) എന്നിവരാണ് കുനിയമുത്തൂര്‍ പോലീസ് അറസ്റ്റുചെയ്ത മറ്റുള്ളവര്‍. അറസ്റ്റിലായ അബ്ദുല്‍ ഹാലിം കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ വെറുതെ വിടപ്പെട്ടയാളാണ്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും ഹാലിമിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

കേരള പോലീസില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് ഇവരെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഘം കേരളത്തില്‍ ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ചകള്‍ നടത്തിയിരുന്നതായും പോലീസ് പറയുന്നു.

ഇന്‍സ്പെക്ടര്‍ ഭാസ്‌കരന്‍, എസ്.ഐ. രാജ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി പരിശോധന നടത്തുന്നതിനിടെ കുളത്തുപാളയം ഭാഗത്ത് സംഘം നില്‍ക്കുന്നതുകണ്ടു. ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് കിട്ടിയത്. സംശയം തോന്നിയ ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചശ്രമം അറിഞ്ഞതെന്നും സംഘത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് അവകാശപ്പെടുന്നു. ഇവരെ വ്യാഴാഴ്ച കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.