തൊടുപുഴ: ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ 12 വയസ്സുകാരന് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് പരാതി. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകൾ കാത്തുനിന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഇന്നലെ രാവിലെ 11 മണിയോടെയാണ് സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ മകനൊപ്പം വണ്ണപ്പുറം സ്വദേശിയായ രാജേഷ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. ഡോക്ടറുടെ പരിശോധനയിൽ കുട്ടിയുടെ കൈക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു.
|
എന്നാൽ 49 ഡോക്ടർമാരുള്ള ആശുപത്രിയിൽ ഉണ്ടായിരുന്നത് ക്യാഷ്വാലിറ്റി ഡോക്ടർമാർ മാത്രം.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ കുട്ടിയുടെ തോളിന്റെ എക്‌സറേ എടുക്കാൻ ആവശ്യപ്പെട്ടു. എക്‌സ്-റേ ഫലവുമായി എത്തിയപ്പോൾ ഉച്ച കഴിഞ്ഞു. ആ സമയം ഡ്യൂട്ടിയിൽ മറ്റൊരു ഡോക്ടറാണ് ഉണ്ടായിരുന്നത്. എക്‌സ്-റേ പരിശോധിച്ച ഡോക്ടർ തോളെല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ തുടർ ചികിത്സ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടതായാണ് രക്ഷിതാക്കളുടെ ആരോപണം. പണമില്ലെന്ന് അറിയിച്ചതോടെ ഡോക്ടർ മോശമായി പെരുമാറിയതായും, കാഷ്വാലിറ്റിയിൽ നിന്ന് ഇറക്കിവിട്ടതായും ഇവർ ആരോപിക്കുന്നു.
ചികിത്സ ലഭിക്കുമെന്ന് കരുതി മണിക്കൂറുകൾ കാത്തുനിന്നെങ്കിലും പ്രാഥമിക ശുശ്രൂഷ പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് ആശുപത്രിയിലെ മറ്റു ജീവനക്കാർ ഡോക്ടറോട് കയ്യിൽ ഒരു ബാൻഡേജ് എങ്കിലും ഇടാൻ അഭ്യർത്ഥിച്ചു. അതിനു പോലും ഡോക്ടർ കൂട്ടാക്കിയില്ലെന്നും മാതാപിതാക്കൾ പറയുന്നു. ചികിത്സാ നിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു ആരോപണ വിധേയനായ ഡോക്ടറുടെ മറുപടി.


