യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17കാരിയടക്കം നാലുപേര്‍ കണ്ണൂരില്‍ പിടിയില്‍. കാഞ്ഞങ്ങാട് സ്വദേശികളായ മൈമുന (51), ഇബ്രാഹിം സജ്മല്‍ അര്‍ഷാദ് (28), എ.കെ. അബ്ദുല്‍ കലാം (52) എന്നിവര്‍ക്കൊപ്പം ഒരു 17-കാരിയുമാണ് ചക്കരക്കല്ല് പോലീസിന്റെ പിടിയിലായത്. കൊയ്യോട് സ്വദേശിയായ യുവാവിനെ പെണ്‍കുട്ടി സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം നടിച്ച് ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാനായിരുന്നു സംഘത്തിന്റെ ശ്രമം.
|
പെണ്‍കുട്ടി കഴിഞ്ഞ ദിവസം യുവാവിനെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ മറ്റു പ്രതികള്‍ സംഘടിച്ചെത്തുകയും യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നിര്‍ബന്ധിച്ച് പല രീതിയിലുള്ള ഫോട്ടോകള്‍ എടുപ്പിച്ചു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം, സംഭവത്തില്‍ നിന്നും ഒഴിവാകണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
കൈയില്‍ അത്രയും തുകയില്ലെന്നും നാട്ടിലെത്തിച്ചു തന്നാല്‍ പണം നല്‍കാമെന്നും യുവാവ് സംഘത്തെ അറിയിച്ചു. പ്രതികളുമായി യുവാവ് ചക്കരക്കല്ലിലെത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ചക്കരക്കല്ല് പോലീസ് സംഘത്തെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ALSO READ: എംഡിഎംഎയുമായി രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍


