ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ 18 കാരിയെ അയല്‍വാസി തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്ത് വിഷം കൊടുത്തു. ഇരയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. ഉത്തര്‍പ്രദേശിലെ ജെഹാനാബാദ് കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
|
ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് 18കാരിയെ അയല്‍വാസിയായ കമല്‍ ബലം പ്രയോഗിച്ച് തന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്. ബലാത്സംഗം എതിര്‍ത്ത പെണ്‍കുട്ടിയെ പ്രതി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അതിനുശേഷമാണ് ബലമായി വിഷം കുടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
സംശയം തോന്നി പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാരെ പ്രതിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ മര്‍ദിച്ചത്. ജഹാനാബാദ് പൊലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
മകളുടെ നില ഗുരുതരമായി തുടരുകയാണെന്നും പിലിഭിത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പിലിഭിത് പൊലീസ് സൂപ്രണ്ട് അതുല്‍ ശര്‍മ്മയുടെ നിര്‍ദേശപ്രകാരം കമല്‍, സഹോദരന്‍ സഞ്ജു, സഹോദരി ശീതള്‍, അമ്മ മായാദേവി, പിതാവ് സത്യപാല്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.



