കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കുന്ന ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് പണംതട്ടിവന്ന സംഘം പിടിയിലായി. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് കൗതുകകരമായ സംഭവം.
|
സാമൂഹികമാധ്യമങ്ങളിലെ പരസ്യം കണ്ട് താൽപര്യം പ്രകടിപ്പിച്ച് ബന്ധപ്പെടുന്ന യുവാക്കളിൽ നിന്ന് രജിസ്ട്രേഷൻ ഫീസായും മറ്റു ഫീസുകളായും പണംവാങ്ങി തട്ടിപ്പ് നടത്തിയിരുന്ന ഇജാസ്, ഇർഷാദ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കൈയിൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ചു വന്ന ഫോണുകളും സിംകാർഡുകളും പോലീസ് പിടികൂടി. തട്ടിപ്പിനിരയായവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പോലീസ് ഇരുവരെയും പിടികൂടിയത്.
സ്ത്രീകളെ ഗർഭിണികളാക്കുന്ന ജോലിക്ക് പതിനായിരം രൂപയായിരുന്നു സംഘം പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നത്. പരസ്യം കണ്ട് ആകൃഷ്ടരായി ഇതിന് ഇറങ്ങിത്തിരിച്ചവരാണ് തട്ടിപ്പുകാരുടെ വലയിൽ വീണത്. രജിസ്ട്രേഷൻ ഫീസായി ആദ്യം 750 രൂപയാണ് സംഘം വാങ്ങുക. ഇതിനു ശേഷം മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടിയും പണം തട്ടി. നഷ്ടപ്പെട്ടത് ചെറിയ തുക ആയതിനാലും പണം നഷ്ടപ്പെട്ട വഴി പുറത്തുപറയുന്നത് നാണക്കേടായതിനാലും പലരും പരസ്യപ്പെടാൻ വിസമ്മതിച്ചതോടെ തട്ടിപ്പുകാർ വിലസുകയായിരുന്നു. എന്നാൽ കബളിക്കപ്പെടുകയാണെന്നു മനസ്സിലാക്കിയ മറ്റു ചിലർ പരസ്യവുമായി പോലീസിനെ സമീപിച്ചതോടെയാണ് ഇജാസും ഇർഷാദും പിടിയിലായത്.
ഫേസ്ബുക്കിൽ നാല് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചായിരുന്നു ഇരുവരും ഇത്തരമൊരു പരസ്യം നൽകിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. രണ്ട് മൊബൈൽ ഫോണുകളും നാല് സിംകാർഡുകളുമാണ് ഇതിനായി ഉപയോഗിച്ചത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





