18
May 2025
Thu
18 May 2025 Thu
2000 jhuggis razed in Ahmedabad

അനധികൃത ബംഗ്ലാദേശി കുടിയേറ്റം ആരോപിച്ച് ഗുജറാത്തിലെ ചന്ദോല താലാവ് ന ചപ്രയിലുള്ള ചേരിയുടെ ഒരു ഭാഗം അഹ്‌മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചുമാറ്റി. (2000 Muslim huts demolished in Gujarat on charges of being illegal Bangladeshi immigrants) പ്രദേശവാസികളെ 72 മണിക്കൂറോളം പിടിച്ചുവയ്ക്കുകയും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് 2,000ഓളം മണ്‍കുടിലുകള്‍ പൊളിച്ചു മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താമസക്കാരില്‍ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലിംകളാണ്. എന്നാല്‍, ബംഗ്ലാദേശികള്‍ എന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ തിടുക്കപ്പെട്ട് കുടിലുകള്‍ പൊളിച്ചു നീക്കിയത്.

എന്നാല്‍, ഇവിടെ താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടെന്ന് പൗരാവകാശ സംഘടനയായ എപിസിആര്‍ പ്രതിനിധി മിര്‍സ ഇക്‌റാം ബേഗ് പറഞ്ഞു. എന്നാല്‍, ഇതൊന്നും അധികൃതര്‍ പരിഗണിച്ചില്ല.

ALSO READ: ഗുജറാത്തില്‍ ബുള്‍ഡോസര്‍ രാജ് തുടരുന്നു; പ്രസിദ്ധ ദര്‍ഗയും വീടുകളും ഉള്‍പ്പെടെ 335 കെട്ടിടങ്ങള്‍ തകര്‍ത്തു

”ആകെയുള്ള കാര്യം അവര്‍ മുസ്ലിംകളാണെന്നതാണ്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിക്കപ്പെടുന്നവരെ ഇപ്പോഴും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരില്‍ ബാക്കിയുള്ളവരെ ശിക്ഷിക്കുന്നതെന്തിനാണ്”- മിര്‍സ ഇക്‌റാം ചോദിച്ചു.

2,000 കുടിലുകള്‍ നീക്കം ചെയ്യുന്നതിലൂടെ 1.25 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം ഒഴിപ്പിക്കാനാകുമെന്ന് മുനിസിപ്പില്‍ കമ്മീഷണര്‍ ബഞ്ച നിധി പാനി പറഞ്ഞു. 50ഓളം ബുള്‍ഡോസറുകളും ട്രക്കുകളും ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍ പ്രക്രിയ പുരോഗമിക്കുന്നത്. സമീപത്തുള്ള ജലസ്രോതസ്സ് വിലപ്പെട്ടതാണെന്നും അവിടെ കൈയേറ്റം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അവിടെ താമസിക്കുന്നവരെല്ലാം ഭൂമി കൈയേറ്റക്കാരാണെന്ന് പോലീസ് കമ്മീഷണര്‍ ഗ്യാനേന്ദര്‍ സിങ് മാലിക്ക് ആരോപിച്ചു.

മാഹാത്മാ ഗാന്ധി ഉപ്പു സത്യാഗ്രഹത്തിന് തുടക്കമിട്ട സ്ഥലം എന്ന നിലയ്ക്ക് ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് ചന്ദോല തലാവ് ന ചാപ്ര. മുഗള്‍ സുല്‍ത്താന്‍ താജിന്‍ ഖാന്‍ നാരി അലി നിര്‍മിച്ച കൃത്രിമ തടാകമായ ചന്തോല തടാകത്തിന് സമീപമാണ് ഈ ചേരി പ്രദേശം.

അതേസമയം, പൊളിക്കല്‍ നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശസുരക്ഷയുടെ ഭാഗമായാണ് പൊളിക്കല്‍ നടപടിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി ഇടപെടാന്‍ വിസമ്മതിച്ചത്.