|
ഭദോഹി: യുപിയിൽ മുസ്‌ലിം മധ്യവയസ്കനെ മര്‍ദിച്ചുകൊന്ന കേസില്‍ ബിജെപി നേതാവടക്കം 21 പേർ അറസ്റ്റിൽ. ബിജെപി നേതാവും പ്രദേശിക മുനിസിപ്പാലിറ്റി തലവനുമായ അശോക് കുമാര്‍ ജയ്‌സ്വാളും സംഘവുമാണ് അറസ്റ്റിലായത്. ഭദോഹി സ്വദേശിയായ മുസ്തകീം അഹ്മദ് (55) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്രതികൾ വീട്ടില്‍ അതിക്രമിച്ച് കയറി ഇദ്ദേഹത്തെ ക്രൂര മര്‍ദനത്തിനിരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തകീം പിന്നീട് മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിജെപി നേതാവുള്‍പ്പെടെ 21 പേര്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ കൂട്ടാളികളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അശോക് കുമാറിനെതിരേ ഐപിസി 304 (മനഃപൂർവമല്ലാത്ത നരഹത്യ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച മുസ്തകീമിന്റെ ആട് അയല്‍വാസിയായ സന്ദീപിന്റെ വീട്ടിലേക്ക് പോയതിനെത്തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
അന്ന് രാത്രി ജയ്‌സ്വാളും മറ്റുള്ളവരും കത്ര ബസാര്‍ പരിസരത്തുള്ള മുസ്തകീമിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെയടക്കം മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ഭാരതി വ്യക്തമാക്കി. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ മുസ്തകീം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
രണ്ട് ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എസ്പി പറഞ്ഞു. ആദ്യം 21 പേര്‍ക്കെതിരേ കേസെടുത്തെങ്കിലും ഏഴു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. അപ്രതീക്ഷിത സംഭവങ്ങളുണ്ടാവാതിരിക്കാന്‍ മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.



