28
Apr 2025
Mon
28 Apr 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: ബെംഗളൂരുവില്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ മലയാളിയെ കർണാടക പോലിസ് പിടികൂടിയത് അതി സാഹസികമായി. മലയാളിയായ സന്തോഷ് ഡാനിയാലാണ് അറസ്റ്റിലായതെന്നും കോഴിക്കോട് നിന്നാണ് പ്രതിയെ പിടികൂടിയതെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു.

ഈ മാസം മൂന്നിനാണ് സന്തോഷ് കുറ്റകൃത്യം ചെയ്തത്. രാത്രി ബിടിഎം ലേഔട്ടില്‍ രണ്ടുയുവതികള്‍ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധം ആണ് ഉയർനിരുന്നത്. ബിടിഎം ലേഔട്ടിലെ ഇടവഴിയിൽ രണ്ട് സ്ത്രീകളെ പിന്തുടരുകയാണ് ഒരു യുവാവ്. സ്ത്രീകൾ പുരുഷനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ, അയാൾ പെട്ടെന്ന് അതിൽ ഒരാളെ പിടികൂടുകയും മറ്റൊരാൾ അവളെ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പിന്നീട് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.

കേസ് അഭിമാന പ്രശ്നമായി ഏറ്റെടുത്ത കർണാടക പോലിസ്, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

വൈറ്റ് ഫീൽഡിലെ കാർ ഷോറൂമിൽ ജോലി ചെയ്യുകയായിരുന്ന പ്രതി സംഭവത്തിനു ശേഷം ഹൊസൂരിലേക്കും പിന്നീട് തമിഴ്നാട്ടിലെ സേലത്തേക്കും രക്ഷപ്പെട്ടു. അന്വേഷണം ഭയന്ന് കേരളത്തിലും എത്തി. കോഴിക്കോട് നടുവണ്ണൂരിൽ വെച്ചാണ് ഒടുവിൽ പൊലീസിൻ്റെ പിടിയിലായത്.

ഏകദേശം ഒരാഴ്ച നീണ്ടുനിന്ന പ്രതിക്ക് വേണ്ടിയുള്ള വേട്ട മൂന്ന് സംസ്ഥാനങ്ങളിൽ വ്യാപിച്ചു.

ഇരയെയും അവളുടെ സുഹൃത്തിനെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞു. അവർ പോലീസിനോട് സ്വകാര്യത അഭ്യർത്ഥിക്കുകയും അന്വേഷണത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. എങ്കിലും സ്വമേധയാ ആണ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ലൈംഗിക പീഡനം, പിന്തുടരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇതിനകം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ മോശം നിലവാരം കേസന്വേഷണത്തിൽ വെല്ലുവിളി ഉയർത്തി. എങ്കിലും ആ സമയത്തെ സമീപ പ്രദേശത്തെ സിസിടിവി ക്യാമറകൾ കൂടി പരിശോധിച്ച് ആണ് പ്രതിയിലേക്ക് എത്തിയത്. അന്വേഷണത്തിൻ്റെ ഭാഗമായി ആകെ 700 ദൃശ്യങ്ങൾ ആണ് പോലിസ് പരിശോധിച്ചത്. കൂടാതെ മൊബൈൽ നെറ്റ്വർക്കും പരിശോധിച്ചു.

3 States, 700 CCTVs: Bengaluru Cops Arrest molestation Accused In Kerala