വ്യായാമത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കുനേരെ കാറോടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്ക്. ചൈനയിലെ ഗാങ്‌ഡോങ് പ്രവിശ്യയിലെ ഴുഹായി നഗരത്തിലെ സ്‌പോര്‍ട്‌സ് സെന്ററിലേക്കാണ് കാറോടിച്ചുകയറ്റിയത്. തിങ്കളാഴ്ച രാത്രി 7.48നാണ് സംഭവം.
|
ജനങ്ങള്‍ക്കുമേല്‍ കാറോടിച്ചുകയറ്റിയതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഫാന്‍ എന്ന 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണശേഷം കത്തിയുപയോഗിച്ച് സ്വയം അപായപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇയാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.
ആരോഗ്യം വീണ്ടെടുത്താല്‍ ചോദ്യംചെയ്യുമെന്നും ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അപ്പോഴേ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ചയാണ് പോലീസ് പുറത്തുവിട്ടത്.


