22
Sep 2022
Wed
22 Sep 2022 Wed

മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ ദേശീയ ഏജൻസികളെ ഉപയോ​ഗിച്ച് നേരിടുന്നുവെന്ന ആരോപണങ്ങൾക്ക് കരുത്തുപകരുന്ന തെളിവുകൾ പുറത്ത്. 2014ൽ മോദി സർക്കാർ അധികാരത്തിലേറിയ ശേഷം എൻഫോഴ്സ്മെന്റ് എടുത്ത കേസുകളുടെ എണ്ണത്തിൽ നാലിരട്ടി വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 95 ശതമാനും പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരേയാണ് എടുത്തിരിക്കുന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഒരു മുഖ്യമന്ത്രി, 14 മുൻ മുഖ്യമന്ത്രിമാർ, 19 മന്ത്രിമാർ, 24 എംപിമാർ, 21 എംഎൽഎമാർ, 11 മുൻ എംഎൽഎമാർ, 7 മുൻ എംപിമാർ എന്നിവർക്കെതിരേയാണ് രണ്ടാം മോദി സർക്കാരിന്റെ കാലത്ത് എടുത്ത ഇഡികേസുകൾ. ഇതിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും 32 പേർക്കെതിരേ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. യുപിഎ സർക്കാരിന്റെ കാലത്ത് 2 മുൻ മുഖ്യമന്ത്രിമാർ, 3 മന്ത്രമാർ, 3 എംപിമാർ എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇതിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. 9 പേർക്കെതിരേ കുറ്റപത്രം സമർപ്പിക്കുകയും 3 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു.  

 

രണ്ടാം മോദി സർക്കാർ അധികാരമേറ്റതിനു ശേഷം മാത്രം 121 രാഷ്ട്രീയ നേതാക്കൾക്കെതിരേയാണ് ഇഡി കേസെടുത്തത്. ഇതിൽ 95 ശതമാനം അതായത് 115 പേർ പ്രതിപക്ഷ പാർട്ടികളെ അം​ഗങ്ങളാണ്. ജീവനക്കാരുടെ എണ്ണം സിബിഐയുടേതിനേക്കാൾ മൂന്നിലൊന്നുമാത്രമാണ് ഇഡിക്ക് എന്നിരിക്കെയാണ് ഇത്രയധികം കേസുകൾ എടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. 

 

യുപിഎ ഭരണകാലത്ത് 2004 മുതൽ 2014 വരെയായി 26 രാഷ്ട്രീയനേതാക്കൾക്കെതിരേയാണ് ഇഡി അന്വേഷണം നടത്തിയത്. ഇതിൽ 54 ശതമാനം പ്രതിപക്ഷപാർട്ടി നേതാക്കൾക്കെതിരേയായിരുന്നു. ഈ കേസുകളിലാണ് 400 ശതമാനം വർധനവ് മോദി സർക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത്. 2005ൽ കൊണ്ടുവന്ന കള്ളപ്പണം തടയൽ നിയമപ്രകാരമാണ് മോദിസർക്കാർ ഇഡിയെ ഉപയോ​ഗിച്ച് ഏറ്റവും കൂടുതൽ കേസുകൾ എടുപ്പിച്ചിരിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

 

മോദി സർക്കാർ ഇഡിയെ ചട്ടുകമാക്കുകയാണെന്ന് പ്രതിപക്ഷം നിരവധി തവണ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യം  നിഷേധിക്കുകയാണുണ്ടായത്. എന്നാൽ പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന റിപോർട്ട്. 

 

2014നു ശേഷം 24 കേസുകളാണ് ഇഡി കോൺ​ഗ്രസ് അം​ഗങ്ങൾ‍‍ക്കെതിരേ എടുത്തത്. തൃണമൂൽ കോൺ​ഗ്രസ്(19), എൻസിപി(11), ശിവസേന(8), ഡിഎംകെ(6), ബിജെഡി(6), ബിഎസ്പി(5), എസ്പി(5), എഎപി(3), ഐഎൻഎൽഡി(3), വൈഎസ്ആർസിപി(3), സിപിഐഎം(2), എൻസി(2), പിഡിപി(2), സ്വതന്ത്രർ(2), എഐഎഡിഎംകെ(1), എംഎൻഎസ്(1), എസ്ബിഎസ്പി(1), ടിആർഎസ്(2)എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയപാർട്ടികൾക്കെതിരേ എടുത്ത കേസുകളുടെ എണ്ണം. 

 

ഇഡി കേസുകൾ നേരിടുകയും ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്യുന്ന രാഷ്ട്രീയനേതാക്കൾക്കെതിരേ നടക്കുന്ന അന്വേഷണങ്ങൾ മന്ദീഭവിക്കുന്നതിനും രാജ്യം സാക്ഷിയാവുന്നുണ്ട്. കോൺ​ഗ്രസിൽ ആയിരുന്ന സമയത്ത് ഇഡി, സിബിഐ അന്വേഷണം നേരിട്ടിരുന്ന ഹിമാന്ദ ബിശ്വ ശർമ അസമിൽ ബിജെപി സർക്കാരിൽ മുഖ്യമന്ത്രിയായതോടെ ഇദ്ദേഹത്തിനെതിരായ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.

 

തൃണമൂൽ കോൺ​ഗ്രസ് നേതാക്കളായിരുന്ന ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരി, മുകുൾ റോയി എന്നിവർക്കെതിരായ കേസുകൾക്കു സംഭവിച്ചത് ഇതേ അവസ്ഥയാണ്. മുകുൾ റോയി പിന്നീട് തൃണമൂലിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ടിഡിപി എംപി വൈ എസ് ചൗധരിക്കെതിരേ 2019ൽ ഇഡി കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വൈ എസ് ചൗധരി ബിജെപിയിൽ ചേർന്നു. ഇഡി കേസെടുത്ത കോൺ​ഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് കഴിഞ്ഞദിവസമാണ് ബിജെപിയിൽ ചേർന്നത്. 

 

കോൺ​ഗ്രസ് നേതാക്കളായ സോണിയാ ​ഗാന്ധി, ഡികെ ശിവകുമാർ, ഭൂപിന്ദർ സിങ് ഹൂഡ, അഹമ്മദ് പട്ടേൽ, പി ചിദംബരം, കാർത്തി ചിദംബരം, തൃണമൂൽ നേതാവ് അഭിഷേക് ബാനർി, എൻസിപി നേതാക്കാളായ ശരദ് പവാർ, അജിത് പവാർ, അനിൽ ദേശ്മുഖ്, നവാബ് മാലിക്ക്, പ്രഫുൽ പട്ടേൽ, ശിവസേനാ നേതാക്കളായ സഞ്ജയ് റാവത്ത്, അനിൽ പരാബ്, ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾ തുടങ്ങിയവരാണ് ഇഡി അന്വേഷണത്തിൽ പെട്ടത്. 
മഹാരാഷ്ട്രയിൽ എൻസിപി, ശിവസേന, കോൺ​ഗ്രസ് സഖ്യസർക്കാരിനെ നിലംപൊത്തിച്ച് ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ ശിവസേന എംഎൽഎമാർ ബിജെപിക്കൊപ്പം ചേർന്നത് ഇഡി അന്വേഷണത്തെ ഭയന്നാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

 

കോടികൾ വാ​ഗ്ദാനം ചെയ്തും ഇഡി അന്വേഷണം കാട്ടി ഭീഷണിപ്പെടുത്തിയുമാണ് ബിജെപി ഓപറേഷൻ താമര നടപ്പാക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ നിരവധി അവസരങ്ങളിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. കർണാടകയിലും മഹാരാഷ്ട്രയിലും ​ഗോവയിലും മധ്യപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും പശ്ചിമബം​ഗാളിലുമൊക്കെ ബിജെപി ഇഡിയെ കാട്ടി  ഭീഷണിപ്പെടുത്തി ജനപ്രതിനിധികളെ മറുകണ്ടം ചാടിച്ചിരുന്നു.