27
Jun 2024
Sat
27 Jun 2024 Sat

കൊച്ചി: അങ്കമാലിയില്‍ വീടിനു തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ കാരണം കിട്ടാതെ പോലീസ്. അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തിലാണ് അച്ഛനും അമ്മയും രണ്ടു മക്കളും മരിച്ചത്. വീടിന്റെ ഉടമസ്ഥനായ ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്!വിന്‍ (5) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ പ്രാര്‍ഥിക്കാനായി എഴുന്നേറ്റപ്പോഴാണ് അമ്മ വീടിന്റെ മുകളില്‍ നിലയില്‍ തീപിടിച്ചത് കണ്ടത്. പുലര്‍ച്ചെ 4 മണിയോടെയാണ് വീടിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുകളിലെ നിലയിലെ രണ്ടു മുറികള്‍ക്ക് മാത്രമാണ് തീപിടിച്ചത്. തീപിടിച്ചതു കണ്ട് വീടിനു താഴത്തെ മുറിയില്‍ കിടന്നിരുന്ന അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ വലിയ രീതിയില്‍ തീപിടിച്ചതിനാല്‍ തീയണയ്ക്കാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയല്‍വാസികള്‍ ഓടി വന്നത്. പിന്നാലെ തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മുകളിലെ നിലയിലെ രണ്ടു മുറികളില്‍ മാത്രമേ തീപടര്‍ന്നിട്ടുള്ളു.

അതേസമയം, മരണത്തിന് കാരണമായ അഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. നിലവില്‍ ബിനീഷിന് സാമ്പത്തിക ബാധ്യതകളുള്ളതായി അറിയില്ലെന്നും ബിസിനസ് ആയതു കൊണ്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്നും പോലീസ് പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ട് അല്ല തീപ്പിടുത്തത്തിന് കാരണമെന്നും പോലിസ് പറഞ്ഞു.