22
Apr 2026
Wed
22 Apr 2026 Wed
indore cops

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞെട്ടിക്കുന്ന കവര്‍ച്ച നടത്തിയത് പോലീസ് സംഘം. വ്യവസായിയുടെ വീട് തകര്‍ത്ത് അകത്തുകയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഏപ്രില്‍ ഒന്നിന് രാത്രി നടന്ന സംഭവത്തില്‍ ഇപ്പോള്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുടമസ്ഥന്‍ നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സോണ്‍ 2) കുമാര്‍ പ്രതീക് അറിയിച്ചു. ‘ഏപ്രില്‍ ഒന്നിന് രാത്രി അഞ്ചോ ആറോ പോലീസുകാര്‍ പരാതിക്കാരന്റെ വീട്ടിലെത്തുകയും വാതില്‍ തകര്‍ത്ത് അകത്തുകയറി വീട്ടുകാരോട് മോശമായി പെരുമാറുകയും ചെയ്തു. പരാതി ലഭിച്ചയുടന്‍ അഞ്ച് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു,’ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

എസിപി വിജയനഗറിനാണ് നിലവില്‍ അന്വേഷണ ചുമതല. റിട്ടയേര്‍ഡ് എസിപി രാകേഷ് ഗുപ്തയുമായുള്ള സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട ചെക്ക് ബൗണ്‍സ് കേസില്‍ ഗൗരവ് ജെയിന്‍ എന്നയാള്‍ക്കെതിരെ വാറണ്ട് നടപ്പിലാക്കാനാണ് പോലീസുകാര്‍ എത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇതിന്റെ മറവില്‍ വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതിക്കാരന്‍ ആരോപിക്കുന്നു. ലസൂദിയ ടിഐയുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിസിപി വ്യക്തമാക്കി.