ഗസാ യുദ്ധത്തില്‍ അമേരിക്കയിലെ പുതുതലമുറ ഹമാസിനൊപ്പമെന്ന് സര്‍വേ. 18-നും 24-നും ഇടയില്‍ പ്രായമുള്ള ജനറേഷന്‍ സി-യുടെ 60% പേര്‍ ഇസ്രായേലിനെക്കാള്‍ ഫലസ്തീന്‍ പോരാളി സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്നു.
|
ഓഗസ്റ്റ് 20-നും 21-നും ഇടയില്‍ 2,025 രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ ദി ഹാരിസ് പോളും ഹാരിസ്എക്‌സും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പുറത്തുവന്നത്. ”ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ നിങ്ങള്‍ കൂടുതല്‍ പിന്തുണയ്ക്കുന്നത് ഇസ്രായേലിനെയോ ഹമാസിനെയോ?” എന്നായിരുന്നു സര്‍വേയിലെ ചോദ്യം.
അതേസമയം, മുതിര്‍ന്നവര്‍ ഇസ്രായേലിനെയാണ് കൂടുതല്‍ പിന്തുണച്ചത്. 25-34 വയസ്സില്‍ 65% പേരും, 35-44 വയസ്സില്‍ 70% പേരും, 45-54 വയസ്സില്‍ 74% പേരും, 55-64 വയസ്സില്‍ 84% പേരും, 65 വയസ്സിനു മുകളിലുള്ളവരില്‍ 89% പേരും ഇസ്രായേലിനെ പിന്തുണച്ചപ്പോള്‍, യുവ വോട്ടര്‍മാരില്‍ ഭൂരിഭാഗവും ഹമാസിനൊപ്പമാണ് നിലയുറപ്പിച്ചത്.
ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുണ്ടോ എന്ന ചോദ്യത്തോട് 50 ശതമാനം യോജിക്കുകയും 50 ശതമാനം വിയോജിക്കുകയും ചെയ്തു.
വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും (51%) ഇസ്രായേലിനെ വിമര്‍ശിക്കുന്നത് ഫലസ്തീന്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആശങ്ക കാരണമാണെന്നും, ഇത് യഹൂദ വിരുദ്ധത കാരണമല്ലെന്നും അഭിപ്രായപ്പെട്ടു.
ഇസ്രായേലിന്റെ ഗസയിലെ ക്രൂരരത തുടരുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ പൊതുജനാഭിപ്രായത്തില്‍ ഒരു വലിയ മാറ്റം വന്നതായി സര്‍വേ ഫലം സൂചിപ്പിക്കുന്നുവെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.
തുടരുന്ന വംശഹത്യ
മാര്‍ച്ച് 18-ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം ഇസ്രായേല്‍ ഗാസ മുനമ്പിലുടനീളം വ്യോമാക്രമണം തുടരുകയാണ്, ഇതിനകം ആയിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബര്‍ 7 മുതല്‍ ഗസയില്‍ തുടരുന്ന വംശഹത്യയില്‍ ഇതുവരെ 63,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,60,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനസംഖ്യയുടെ വലിയൊരു ഭാഗം പലായനം ചെയ്തു, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയധികം അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. ഇപ്പോഴും ആയിരക്കണക്കിന് ആളുകളെ കാണാനില്ല.
സൈനികാക്രമണത്തിന് പുറമെ, ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മനുഷ്യനിര്‍മ്മിതമായ പട്ടിണിക്ക് കാരണമായി, ഇത് നൂറുകണക്കിന് ഫലസ്തീനികളുടെ – കൂടുതലും കുട്ടികള്‍ – മരണത്തിലേക്ക് നയിച്ചു. കൂടാതെ ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരന്തമുഖത്താണ്.
English Summary
Survey finds US millennials side with Hamas in Gaza war. 60% of Generation C, ages 18 to 24, support Palestinian militant group Hamas over Israel.


