|
സന: യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 85 ലധികം പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റംസാനോട് അനുബന്ധിച്ച് ഓള്‍ഡ് സിറ്റിയില്‍ വ്യാപാരികള്‍ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. സംഭവത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ ഓടിയതും ദുരന്തത്തിന്റെ ആക്കം കൂട്ടി. 5000 യെമനി റിയാലിന്റെ സഹായം കൈപ്പറ്റാനാനാണ് ഇവരെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക അധികാരികളുമായി ഏകോപനം നടത്താതെ ക്രമരഹിതമായി ഫണ്ട് വിതരണം ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് അബ്ദുല്‍ ഖാലിഖ് അല്‍ അഗ്രി പറഞ്ഞത്. പരിക്കേറ്റവരില്‍ 13 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിപാടി സംഘടിപ്പിച്ച സ്കൂള്‍ വിമതര്‍ ഉടനടി അടച്ചുപൂട്ടുകയും മാധ്യമപ്രവര്ത്തകര്ക്കുള്പ്പെടെയുള്ളവര്ക്ക് പ്രവേശനം തടയുകയും ചെയ്തു. സംഭവത്തില്‍ രണ്ട് സംഘാടകരെ കസ്റ്റഡിയിലെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.


