02
Mar 2024
Mon
02 Mar 2024 Mon
9 year old girl testifies court to get lifeterm for father who kills her mother and grandfather

ഭാര്യയെയും ഭാര്യാപിതാവിനെയും കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷവാങ്ങിക്കൊടുത്ത് 9കാരിയായ മകള്‍. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ഭാര്യ ഉനൈസ, ഭാര്യാപിതാവ് മുസാഫര്‍ എന്നിവരെ പ്രഷര്‍ കുക്കറിനും ബിയര്‍ കുപ്പിക്കും അടിച്ചുകൊന്ന കേസിലെ പ്രതിയായ അബ്ദുല്‍ ഖാദറി(53)നാണ് ഒമ്പതു വയസ്സുള്ള മകള്‍ കോടതിയില്‍ മൊഴി നല്‍കിയതിലൂടെ ജീവപര്യന്തം ശിക്ഷ ലഭിച്ചത്. 2021 മെയ് എട്ടിനായിരുന്നു പ്രതി ഭാര്യ വീട്ടിലെത്തി ഇരട്ടകൊലപാതകം നടത്തി രക്ഷപ്പെട്ടത്. ചെന്നൈ മഹിളാ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ അബ്ദുല്‍ ഖാദറിന്റെ മകള്‍ പിതാവിനെതിരേ മൊഴി നല്‍കുകയായിരുന്നു.(9 year old girl testifies court to get lifeterm for father who kills her mother and grandfather)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷമായിരുന്നു ഉനൈസ അബ്ദുല്‍ ഖാദറുമായി വിവാഹിതയായത്. ആദ്യ ബന്ധത്തില്‍ ഒരു മകളുണ്ടായിരുന്ന ഉനൈസയ്ക്ക് വൈകാതെ അബ്ദുല്‍ ഖാദറിലും ഒരു മകള്‍ ജനിച്ചു. എന്നാല്‍ അബ്ദുല്‍ ഖാദറിന്റെ വഴക്ക് അസഹ്യമായതോടെ ഉനൈസയും രണ്ടു പെണ്‍മക്കളും റോയല്‍പേട്ടയിലുള്ള പിതാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയി.

മകളെ കാണാന്‍ റോയല്‍ പേട്ടയിലെ ഭാര്യവീട്ടില്‍ അബ്ദുല്‍ ഖാദര്‍ എത്തുകയും ഇവിടെ വച്ച് വഴക്കിടുകയും ചെയ്തിരുന്നു. ഇതോടെ അബ്ദുല്‍ ഖാദര്‍ വീട്ടിലെത്തുന്നത് ഉനൈസ വിലക്കി. സംഭവദിവസം വീട്ടില്‍ അതിക്രമിച്ചുകയറി അബ്ദുല്‍ ഖാദര്‍ ഉനൈസയെയും മുസാഫറിനെയും ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ മകളെയും ഇയാള്‍ അടിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുടമ ലായസ് അലിഖാന്‍ അതിക്രമം കണ്ട് തിരികെ വീട്ടില്‍ പോയി തന്റെ മകനെയും ഉനൈസയുടെ ആദ്യ ബന്ധത്തിലെ മകളെയും വിളിച്ചുകൊണ്ടുവന്നു. അപ്പോഴേക്കും ഖാദര്‍ രക്ഷപ്പെട്ടിരുന്നു. കേസില്‍ കുട്ടി നല്‍കിയ മൊഴി കണക്കിലെടുത്താണ് ജഡ്ജി ടി എച്ച് മുഹമ്മദ് ഫാറൂക്ക് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കുട്ടിയെ കള്ളമൊഴി പഠിപ്പിച്ചുവിട്ടതാണെന്ന എതിര്‍ഭാഗം വക്കീലിന്റെ വാദം ജഡ്ജി തള്ളുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക