26
Feb 2024
Fri
26 Feb 2024 Fri
former-rss-national-leader-and-wife-arrested-for-money-fraud-case

പാലക്കാട്: അടച്ചുപൂട്ടിയ ഫാക്ടറിയിലെ പഴയ യന്ത്രഭാഗങ്ങൾ നൽകാമെന്ന് പറഞ്ഞ് മൂന്നര കോടി വാങ്ങി വഞ്ചിച്ച കേസിൽ ആർഎസ്എസ് മുൻ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് കെ സി കണ്ണൻ (60), ഭാര്യ ജീജാബായി എന്നിവരെയാണ് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ജനുവരിയിലാണ് സംഭവം. 30 വർഷം മുമ്പ് ബംഗളൂരുവിൽ അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറി വാങ്ങിയെന്നും അതിലെ യന്ത്രഭാഗങ്ങൾ ‘സ്ക്രാപാ’യി നൽകാമെന്നും പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയുമായി പട്ടാമ്പിയിൽ വച്ച് കരാറുണ്ടാക്കുകയായിരുന്നു. ഓരോ യന്ത്രഭാഗത്തിനും വില നിശ്ചയിക്കുകയും മൂന്നര കോടി രൂപ മുൻകൂറായി കണ്ണനും ഭാര്യയും വാങ്ങുകയും ചെയ്തെന്നാണ് പരാതി.

ആറു മാസത്തിനു ശേഷവും സാമഗ്രികൾ കിട്ടാതായതോടെ കഴിഞ്ഞ സെപ്തംബർ 30ന് പട്ടാമ്പി പൊലീസിൽ മധുസൂദന റെഡ്ഡി പരാതി നൽകി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ണനെയും ജീജാബായിയെയും അറസ്റ്റ് ചെയ്തത്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

കെ സി കണ്ണൻ ആർഎസ്എസ് സഹ സർ കാര്യവാഹ് ആയിരുന്നു. ജീജാബായിയെ മലമ്പുഴ സബ് ജയിലിലേക്കും കണ്ണനെ ഒറ്റപ്പാലം സബ് ജയിലിലേക്കുമാണ് കൊണ്ടുപോയത്. അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി കെ എ അബ്ദുൽ സലാം, എസ്ഐമാരായ വി ആർ മനോജ് കുമാർ, പ്രകാശൻ, സിപിഒ വിജീഷ് എന്നിവരുണ്ടായിരുന്നു.