28
Jun 2026
Fri
28 Jun 2026 Fri
ram temple donation row

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക്  ഭക്തർ സമർപ്പിച്ച കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട്(Ram Temple Donation Row) നടത്തിയെന്ന പരാതിയിൽ എട്ടുപേരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിലെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന പ്രക്രിയയുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ എല്ലാവരുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 7 മുതൽ 7.5 കോടി രൂപ വരെ കാണിക്കപ്പണത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം ആദ്യം തട്ടിപ്പ് വാർത്തകൾ പുറത്തുവന്നപ്പോൾ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥകും ക്ഷേത്രത്തിന്റെ ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റും ഇത് വ്യാജവാർത്തയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ വിവാദം കനത്തതോടെ ട്രസ്റ്റിന്റെ തന്നെ ആവശ്യപ്രകാരം ജൂൺ 13-നാണ് യുപി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചത്. എസ്ഐടി ജൂൺ 23-ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നത്.

ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 306 (തൊഴിലാളി നടത്തുന്ന മോഷണം), 316 (വിശ്വാസവഞ്ചന), 317 (മോഷണമുതൽ കൈവശം വെക്കൽ), 61 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ:14ഓളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച് ബിഹാറിലേക്ക് മുങ്ങി; വളാഞ്ചേരി മദ്രസയിലെ അധ്യാപകന്‍ പിടിയില്‍ 

അറസ്റ്റിലായ എട്ടുപേർ ഇവരാണ്:

  1. രാംശങ്കർ യാദവ് (തിന്നു യാദവ്): ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവർ. വിഎച്ച്പിയുടെ കാർസേവക്പുരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാളാണ് ഈ വിവാദത്തിലെ പ്രധാന മുഖം. കാണിക്കവഞ്ചികളുടെ താക്കോലുകൾ സൂക്ഷിച്ചിരുന്നത് തിന്നുവിന്റെ പക്കലായിരുന്നു. ട്രസ്റ്റ് അംഗങ്ങളുമായുള്ള അടുത്ത ബന്ധം വെച്ച് ഇയാൾ കാണിക്ക എണ്ണുന്നതിൽ പൂർണ്ണമായ സ്വേച്ഛാധിപത്യം നടത്തിയിരുന്നതായി ആരോപണമുണ്ട്.

  2. രമാശങ്കർ മിശ്ര (രവി മിശ്ര): കാണിക്ക എണ്ണുന്ന ജോലിയിൽ പങ്കാളിയായിരുന്നു. മകനെയും മരുമകനെയും ഈ ജോലിയിൽ ഉൾപ്പെടുത്തി തട്ടിപ്പിന് ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.

  3. അനുകൽപ് മിശ്ര: രമാശങ്കർ മിശ്രയുടെ മകൻ. ട്രസ്റ്റി അനിൽ മിശ്രയുടെ ബന്ധു കൂടിയാണ് ഇയാൾ.

  4. ലവ്കുഷ് മിശ്ര: രമാശങ്കർ മിശ്രയുടെ മരുമകൻ. തട്ടിയെടുത്ത പണം സുരക്ഷിതമായി മാറ്റുന്നതിൻ്റെ ചുമതല ഇയാൾക്കായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തതായി സൂചനയുണ്ട്.

  5. അവിനാഷ് ശുക്ല: ക്ഷേത്രത്തിലെ ജീവനക്കാരൻ (Attendant). തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ കണ്ടെടുത്തു.

  6. മനീഷ് യാദവ്: തിന്നു യാദവിന്റെ അനന്തരവൻ. ഇയാളുടെ വീട്ടിൽ നിന്നും മോഷ്ടിച്ച പണം കണ്ടെടുത്തിട്ടുണ്ട്.

  7. സുഭാഷ് ശ്രീവാസ്തവ: മുൻ ബാങ്ക് ജീവനക്കാരനായ ഇയാൾ പണം എണ്ണുന്ന ജീവനക്കാരുടെ മേൽനോട്ടക്കാരനായിരുന്നു.

  8. കരുണേഷ് പാണ്ഡെ: പണത്തിന്റെ രസീതുകളിൽ കൃത്രിമം കാണിച്ചുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.

കാണിക്ക എണ്ണുന്നതിനായി ട്രസ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ് (SBI) ചുമതലപ്പെടുത്തിയിരുന്നത്. എസ്ബിഐ ഇതിനായി ഒരു സ്വകാര്യ ഏജൻസിയെ നിയോഗിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരും ട്രസ്റ്റ് പ്രതിനിധികളും അടങ്ങുന്ന 14 അംഗ സംഘമാണ് സാധാരണയായി പണം എണ്ണാറുള്ളത്.

2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതു മുതൽ വലിയ തോതിലുള്ള കാണിക്കയാണ് രാമക്ഷേത്രത്തിലേക്ക് ഒഴുകുന്നത്. 2025 സെപ്റ്റംബറിലെ റിപ്പോർട്ട് പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ 327 കോടി രൂപയായിരുന്നു ട്രസ്റ്റിന്റെ വാർഷിക വരുമാനം. ഇതിൽ 153 കോടി രൂപയും ഭക്തരുടെ സംഭാവനയായിരുന്നു. അതേസമയം, ട്രസ്റ്റിന്റെ മുതിർന്ന ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര എന്നിവർക്കെതിരെ നടപടിയെടുക്കാത്തതിനാൽ ഈ അറസ്റ്റ് വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

8 Arrested In Ram Temple Donation Row