29
Feb 2024
Fri
29 Feb 2024 Fri

ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധം മാത്രം; കടകള്‍ അടക്കില്ല, പിന്തുണ പ്രഖ്യാപിച്ച് ഐക്യവിദ്യാര്‍ത്ഥി മുന്നണി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ ഇന്നു നടത്തുന്ന ഭാരത് ബന്ദ് കേരളത്തില്‍ ജനജീവിതത്തിന് തടസ്സമുണ്ടാക്കില്ല. കേരളത്തില്‍ ബന്ദ് ഉണ്ടാകില്ലെന്നും പകരം സംയുക്ത കര്‍ഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും വ്യാപാരികള്‍ അറിയിച്ചു.

എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കര്‍ഷകസമിതി ചെയര്‍മാന്‍ സത്യന്‍ മൊകേരി, കണ്‍വീനര്‍ വത്സന്‍ പനോളി എന്നിവര്‍ അറിയിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച് പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം നസീര്‍ അറിയിച്ചു.

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് അഖിലേന്ത്യാ തലത്തില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കാന്‍ ആഹ്വാനം. 16 പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ കൂട്ടായ്മയായ ഐക്യവിദ്യാര്‍ത്ഥി മുന്നണിയാണ് വിദ്യാര്‍ത്ഥി ബന്ദിന് ആഹ്വാനം നല്‍കിയത്.

ബിജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ കൂടിയാണ് പ്രക്ഷോഭമെന്ന് സംയുക്ത പ്രസ്താവനയില്‍ സംഘടനകള്‍ വ്യക്തമാക്കി. കേന്ദ്രനയം ദുര്‍ബല വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ്. കര്‍ഷകന്റെ ദുരവസ്ഥ വിദ്യാര്‍ത്ഥികളെയും ആശങ്കപ്പെടുത്തുന്നു.

കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് വിദ്യാര്‍ത്ഥികളും പടവെട്ടും. ഏകപക്ഷീയമായി നടപ്പാക്കിയ വിനാശകരമായ പുത്തന്‍ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും ഐക്യവിദ്യാര്‍ത്ഥി മുന്നണി ആഹ്വാനം ചെയ്തു.

ബന്ദിന്റെ ഭാഗമായുള്ള സമരങ്ങളില്‍ അണിചേരാന്‍ ഡിവൈഎഫ്‌ഐ യുവജനങ്ങളോട് അഭ്യര്‍ഥിച്ചു. ബന്ദിനെ വന്‍ വിജയമാക്കി കേന്ദ്രത്തിന് കനത്ത താക്കീത് നല്‍കണമെന്നും അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപിയും ജനറല്‍ സെക്രട്ടറി ഹിമാഗ്‌നരാജ് ഭട്ടാചാര്യയും ആഹ്വാനം ചെയ്തു.

ഭാരത് ഗ്രാമീണ്‍ ബന്ദിന് പിന്തുണയുമായി ദേശീയ മഹിളാ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. വിദ്വേഷ രാഷ്ട്രീയത്തെയും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വുമണ്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ ഓഫ് പിഒഡബ്ല്യു, പിഎംഎസ്, ഐജെഎം, ഓള്‍ ഇന്ത്യ മഹിളാ സംസ്‌കൃതിക് സംഘതന്‍, അഖിലേന്ത്യ അഗ്രഗാമി മഹിളാ സമിതി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ഇന്ന് ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്.