07
Mar 2024
Fri
07 Mar 2024 Fri

ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് എസ്‌ഐ.
അഭിഭാഷകനായ അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് എസ് ഐ റിനീഷ് വിആർ മാപ്പ് പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന് മുമ്പാകെയാണ് മാപ്പ് പറഞ്ഞത്. ഇത് കോടതി അംഗീകരിച്ചു.
സംഭവത്തിൽ എസ്‌ഐക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി പത്തു ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
നേരത്തെ എസ്‌ഐ നൽകിയ സത്യവാങ്മൂലത്തിന് കോടതിയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്‌ഐ റിനീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നതിനെ തുടർന്നാണ് സംഭവത്തിൽ കോടതി ഇടപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനങ്ങളോട് മോശമായി പെരുമാറരുെതന്ന് വ്യക്തമാക്കി കോടതി നിർദേശപ്രകാരം പുറത്തിറക്കിയ മാർഗരേഖയ്ക്ക് വിരുദ്ധമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്നു വ്യക്തമാക്കി ഇയാൾക്കെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. ഈ കേസിലാണ് എസ്‌ഐ റിനീഷ് മാപ്പ് പറഞ്ഞത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക