ചെന്നൈ: പിഎഫ്‌ഐ ബന്ധമാരോപിച്ച് ട്രസ്സിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി മദ്രാസ്് ഹൈക്കോടതി റദ്ദാക്കി. നിരോധിത സംഘടനയ്ക്കു വേണ്ടി പണം ചെലവഴിച്ചുവെന്ന് കേന്ദ്ര അന്വേഷണത്തില്‍ കണ്ടെത്താതെ യുഎപിഎ നിയമപ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.(madras highcourt quashed order that frozen bank account of a trust over alleged pfi link)
|
പിഎഫ്‌ഐക്ക് സാമ്പത്തികസഹായം നല്‍കുന്നുവെന്നാരോപിച്ച് തങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എം എസ് രമേഷും സുന്ദര്‍മോഹനും ഇക്കാര്യം വ്യക്തമാക്കിയത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിന് നിരോധിക്കാന്‍ യുഎപിഎയുടെ ഏഴാം വകുപ്പ് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുകയും വകുപ്പ് എഴ്(1)അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികള്‍ വിവരിക്കുന്നുണ്ടെന്നും ഈ വകുപ്പിലാണ് മുന്‍കൂര്‍ അന്വേഷണവും ഉത്തരവിന് സാധുവാകുന്ന തൃപ്തികരമായ കാരണവും കണ്ടെത്തണമെന്ന് വിവരിക്കുന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ട്രസ്റ്റിന്റെ കാര്യത്തില്‍ കേന്ദ്രം ഈ നടപടികള്‍ പാലിച്ചില്ലെന്നും തെളിവുകള്‍ ലഭിക്കാതെ ഡിജിറ്റല്‍ തെളിവുകളായ ചില രേഖകളില്‍ പിഎഫ്‌ഐ എന്നൊരു പേരുമാത്രം കണ്ടെത്തിയെന്നു വച്ച് ട്രസ്റ്റിനെതിരേ നടപടി സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിഎഫ്‌ഐയുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും തങ്ങളുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പണം പിഎഫ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടില്ലെന്നും ഹരജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. നടപടികള്‍ പാലിക്കാതെയാണ് കേന്ദ്രം ട്രസ്റ്റിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്നു കണ്ടെത്തിയതോടെയാണ് കോടതി ഈ നടപടി റദ്ദാക്കിയത്.
കേന്ദ്രനടപടി സ്വാഭാവിക നീതിയുടെ ലംഘനമായിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഏക ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ട്രസ്റ്റിന്റെ പ്രവര്‍ത്തനം തകിടംമറിഞ്ഞുവെന്നതില്‍ സംശയമില്ലെന്നും കോടതി പറഞ്ഞു. ഐ അബ്ദുല്‍ ബാസിത് ആണ് ട്രസ്റ്റിനു വേണ്ടി കോടതിയില്‍ ഹാജരായത്. അക്കൗണ്ട് മരവിച്ചതിന്റെ നോട്ടിസ് പോലും തന്റെ കക്ഷിക്കു നല്‍കിയിട്ടില്ലെന്ന് അബ്ദുല്‍ ബാസിത് കോടതിയെ ബോധിപ്പിച്ചു.
ഇതോടെ നടപടി സ്വീകരിച്ച കാര്യം ബാധിക്കപ്പെട്ട കക്ഷിയെ അറിയിക്കേണ്ട ഉത്തരവാദിത്വം യുഎപിഎ സെക്ഷന്‍ 7 വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇത് അനിവാര്യമായ നടപടിയാണെന്നും ഹൈക്കോടതി അധികൃതരെ ഓര്‍മിപ്പിച്ചു. ഈ നോട്ടിസ് ലഭിച്ചാല്‍ 15 ദിവസത്തിനകം ബാധിക്കപ്പെട്ട കക്ഷിക്ക് ജില്ലാ കോടതിയെ സമീപിക്കാവുന്നതാണ്. ട്രസ്റ്റിന്റെ കാര്യത്തില്‍ നോട്ടിസ് ലഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലാ കോടതിയെ സമീപിക്കാനായില്ലെന്നും അതിനാലാണ് ഹൈക്കോടതിയില്‍ വന്നതെന്നും അബ്ദുല്‍ ബാസിത് ചൂണ്ടിക്കാട്ടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





