ഗാന്ധിനഗര്‍: ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്കുള്ള ഒഴുക്ക് തടയാന്‍ നിയന്ത്രണം കര്‍ശനമാക്കി ഗുജറാത്ത് സര്‍ക്കാര്‍.
ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കി മതപരിവര്‍ത്തനത്തിന് ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിബന്ധയുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഏപ്രില്‍ എട്ടിന് സര്‍ക്കാര്‍ പുറത്തിറക്കി. ( hindus-must-seek-permission-to-convert-says-gujarat-govt-circular )
|
ബുദ്ധമതം സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ധാരാളം അപേക്ഷകള്‍ വരുന്ന സാഹചര്യത്തിലാണ് ഗുജറാത്ത് ആഭ്യന്തരവകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഡെപ്യൂട്ടി സെക്രട്ടറിയായ വിജയ് ബത്തേക്ക സര്‍ക്കുലര്‍ ഒപ്പുവെച്ചു.
‘ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള അനുമതി തേടിയുള്ള അപേക്ഷകളില്‍ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ബുദ്ധ, സിഖ്, ജൈന തുടങ്ങിയ മതങ്ങള്‍ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമ പ്രകാരം ബുദ്ധമതത്തെ പ്രത്യേക മതമായി പരിഗണിക്കേണ്ടിവരുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപ്രകാരം ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, സിഖ്, ജൈന മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ഒരു നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മതം മാറുന്ന വ്യക്തി ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം എന്നും പറയുന്നുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥന് അറിയിച്ചു. നിയമപരമായ വ്യവസ്ഥകള്‍ വിശദമായി പഠിച്ചതിന് ശേഷം മതപരിവര്‍ത്തനം സംബന്ധിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഗുജറാത്തില്‍ ദലിതുകള്‍ ബുദ്ധമതത്തിലേക്ക് വലിയ തോതില്‍ പരിവര്‍ത്തനം ചെയ്യുന്നുണ്ട്. കടുത്ത ജാതി വിവേചനമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമി (ജിബിഎ) ഇത്തരം മതപരിവര്‍ത്തന പരിപാടികള്‍ പതിവായി നടത്തുന്ന പ്രമുഖ സംഘടനകളില്‍ ഒന്നാണ്. സര്‍ക്കുലറിനെ സ്വാഗതം ചെയ്യുന്നതായി ജിബിഎ സെക്രട്ടറി രമേഷ് ബാങ്കര്‍ പ്രതികരിച്ചു.





