ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയ്ക്ക് പിന്തുണ നല്‍കുമെന്ന് എഐഎംഐഎം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പിന്തുണ തുടരുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി എക്‌സില്‍ അറിയിച്ചു. ( Owaisi’s AIMIM extends support to EPS-led AIADMK in TN for LS polls )
|
അണ്ണാ ഡിഎംകെയ്ക്ക് പിന്തുണ നല്‍കുന്നതിന്റെ കാരണവും ഉവൈസി എക്‌സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുമായുള്ള ബന്ധം വിഛേദിച്ച അണ്ണാ ഡിഎംകെ ഇനി ഒരിക്കലും അവരുമായി ചേരില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയെ എതിര്‍ക്കുമെന്നും അണ്ണാ ഡിഎംകെ ഉറപ്പ് നല്‍കി. അതുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐഎംഐഎം അണ്ണാ ഡിഎംകെയ്ക്ക് പിന്തുണ നല്‍കും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരും-ഉവൈസി വ്യക്തമാക്കി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേട്ര കഴകത്തിനൊപ്പമായിരുന്നു ഉവൈസിയുടെ പാര്‍ട്ടി. മൂന്ന് സീറ്റുകളില്‍ എഐഎംഐഎം മല്‍സരിച്ചിരുന്നു. ഇത്തവണ എസ്ഡിപിഐയും അണ്ണാ ഡിഎംകെ സഖ്യത്തിലുണ്ട്. സഖ്യത്തിന്റെ ഭാഗമായി ദിണ്ടിഗല്‍ മണ്ഡലത്തില്‍ എസ്ഡിപിഐ മല്‍സരിക്കുന്നുണ്ട്.





