തെല്‍ അവീവ്: ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണം മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേല്‍ ഇന്റജന്‍സ് മേധാവി രാജിവച്ചു. 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിനെതിരേ മാരകമായ ആക്രണം നടത്തി. എന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യം മൂന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു- രാജിക്കത്തില്‍ മേജര്‍ ജനറല്‍ അഹറോന്‍ ഹലൈവ വ്യക്തമാക്കി. ( Israel Army-intel chief resigns over Hamas attack )
|
ആ കറുത്ത ദിനം എന്നും എന്നോടൊപ്പമുണ്ടാവും. ആ യുദ്ധത്തിന്റെ വേദന എന്നും ഞാന്‍ വഹിക്കും-അഹറോന്‍ ഹലൈവ പറഞ്ഞു. ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സ്ഥാനം രാവജിവയ്ക്കുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണ് ഹലൈവ.
ഹലൈവയുടെ രാജിയെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ളവരിലും സ്ഥാനമൊഴിയാന്‍ സമ്മര്‍ദ്ദം ശക്തമായി. ഗസാ യുദ്ധം അവസാനിച്ച ശേഷം സ്ഥാനമൊഴിയാമെന്നാണ് സൈനിക നേതൃ നിരയിലുള്ളവര്‍ കരുതിയിരുന്നത്. എന്നാല്‍, നിലവില്‍ ഗസാ യുദ്ധം എന്ന് അവസാനിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് രാജിയെന്ന് നിരീക്ഷകര്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനിക ഉദ്യോഗസ്ഥര്‍ രാജിവച്ചേക്കും. ഇത് പരാജയത്തിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ രാഷ്ട്രീയ നേതാക്കളില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും.


