17
May 2024
Fri
17 May 2024 Fri
AI Spokesperson

കീവ്: യുദ്ധക്കെടുതിയില്‍ നട്ടംതിരിയുന്ന ഉക്രെയ്‌നില്‍ നിന്ന് ഒരു കൗതുക വാര്‍ത്ത. റഷ്യയുമായുള്ള യുദ്ധ വിശേഷങ്ങള്‍ ഉള്‍പ്പെടെ ഇനി രാജ്യത്തെ വിദേശ നയവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കെത്തിക്കുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ഡിജിറ്റല്‍ വക്താവ്. ഉക്രേനിയന്‍ ഗായികയും ഇന്‍ഫ്‌ളുവന്‍സറുമായ റോസാലി നോംബ്രെയുടെ അതേ മാതൃകയില്‍ നിര്‍മിച്ച കൃത്രിമ സുന്ദരി വിക്ടോറിയ ഷി എന്ന പേരിലാണ് അറിയപ്പെടുക. ( Ukraine Introduces AI-Generated Spokesperson For Foreign Ministry )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മിത വക്താവിന്റെ വീഡിയോ വിദേശ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിക്ടോറിയ ഷിയുടെ പ്രതികരണങ്ങള്‍ ഇനി മുതല്‍ മന്ത്രാലയം വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കാണാം. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ കോണ്‍സുലാര്‍ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഡിജിറ്റല്‍ വക്താവിനെ ഉപയോഗിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നോംബ്രെയുടെ അനുമതിയോട് കൂടിയാണ് അവരുടെ ശബ്ദവും രൂപഭാവവും കൃത്രിമ സുന്ദരിയെ നിര്‍മിക്കാന്‍ ഉപയോഗിച്ചത്.

‘എന്റെ പേര് നമ്മുടെ പ്രധാന ലക്ഷ്യമായ ഉക്രെയ്‌ന്റെ വിജയത്തെ സൂചിപ്പിക്കുന്നു. പേരിന്റെ അവസാന ഭാഗം എന്നെ നിര്‍മിച്ച നിര്‍മിത ബുദ്ധിയുടേതാണ്. ഉക്രെയിന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരങ്ങള്‍ നിങ്ങള്‍ക്കെത്തിക്കുക എന്നതാണ് എന്റെ ജോലി”- ഇതാണ് വിക്ടോറിയ ഷിയുടെ ആദ്യ വീഡിയോയിലെ ഡയലോഗ്.

വിക്ടോറിയ ഷിയെ കോപ്പി അടിക്കാതിരിക്കാന്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടെ നിരവധി സുരക്ഷാ മന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. യുദ്ധ സമയത്ത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ വക്താവിനെ സൃഷ്ടിച്ചതെന്ന് ഉക്രെയിന്‍ അറിയിച്ചു.