21
May 2024
Tue
21 May 2024 Tue

റിയാദ്: സൗദി അറേബ്യയില്‍ ഈജാര്‍ വ്യവസ്ഥകള്‍ പുതുക്കി. ഇതോടെ ഇനി വീടുകളും കെട്ടിടങ്ങളും വാടകയ്ക്ക് എടുക്കുമ്പോള്‍ ഗ്യാരണ്ടിയായി നിശ്ചിത തുക വാടകക്കാരന്‍ കെട്ടിവയ്ക്കേണ്ടി വരും. വാടക കരാര്‍ അവസാനിപ്പിക്കുന്ന സമയത്ത് ഇതി തിരികെ ലഭിക്കും. വാടകയ്‌ക്കെടുക്കുന്ന വസ്തുവകകള്‍ കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണിതെന്ന് ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇജാര്‍ പ്ലാറ്റ്‌ഫോമില്‍ അഥവാ ഇ-നെറ്റ് വര്‍ക്കില്‍ കരാര്‍ ഡോക്യുമെന്റ് ചെയ്യുമ്പോള്‍ ഓണ്‍ലൈനായി പണം അടക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. വാടകക്കാരന്‍ നല്‍കുന്ന തുക കെട്ടിട ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവില്ല. പകരം ഒരു നിഷ്പക്ഷ ഡെപ്പോസിറ്റായി ഈജാര്‍ പോര്‍ട്ടലില്‍ സൂക്ഷിക്കും. കരാര്‍ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍, രണ്ട് കക്ഷികളുടെയും അംഗീകാരത്തിന് ശേഷം ഭൂവുടമയ്ക്ക് ഹൗസിംഗ് യൂണിറ്റ് തിരികെ നല്‍കുന്നതായി കാണിക്കുന്ന ഒരു ഫോം പൂരിപ്പിച്ചു നല്‍കണം. ഇതുപ്രകാരം വാടക ഇനത്തിലോ കെട്ടിടത്തിനുണ്ടായ നാശ നഷ്ടം ഇനത്തിലോ എന്തെങ്കിലും തുക കെട്ടിട ഉടയ്ക്ക് നല്‍കാനുണ്ടെങ്കില്‍ ഡിപ്പോസിറ്റായി നല്‍കിയ തുകയില്‍ നിന്ന് അവ കഴിച്ച് ബൂക്കിയുള്ള തുക വാടകക്കാരന്റെ അക്കൗണ്ടിലേക്ക് തിരികെ നല്‍കും. ഇത് സ്വയമേവ സംഭവിക്കുന്ന രീതിയിലാണ് ഈജാര്‍ പോര്‍ട്ടലില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

വാടകകരാറിലെ കക്ഷികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പരാതികള്‍ കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.