16
May 2024
Mon
16 May 2024 Mon
‘People burned alive’ in attack on Rafah

ഗസാ സിറ്റി: ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നു. ( Israel’s war on Gaza live news: ‘People burned alive’ in attack on Rafah)സുരക്ഷിത സ്ഥാനമായി പ്രഖ്യാപിച്ച താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട് 35ഓളം പേരെ ഇസ്രായേല്‍ സൈന്യംകൊലപ്പെടുത്തി. താല്‍ അല്‍ സുല്‍ത്താന്‍ ഏരിയയിലെ ടെന്റുകളില്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ വെന്തു മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

24 മണിക്കൂറിനിടെ ജബലിയ, നുസൈറത്ത്, ഗസാ സിറ്റി എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും ഇസ്രായേല്‍ സൈന്യം ആക്രണം നടത്തി. 160ഓളം പേര്‍ ഇവിടെ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും തീപിടിത്തത്തില്‍ സിവിലിയന്‍മാരും ഉള്‍പ്പെട്ടതാണെന്നും സൈന്യം അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും സൈന്യം അറിയിച്ചു.

ഇസ്രായേല്‍ സുരക്ഷിത സ്ഥാനമായി പ്രഖ്യാപിച്ച പ്രദേശമാണ് താല്‍ അല്‍ സുല്‍ത്താനിലെ താല്‍ക്കാലിക ക്യാമ്പ്. റഫയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് സൈന്യം സിവിലിയന്‍മാരെ ഇവിടേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയച്ചിരുന്നു. ഇവിടെയാണ് ഇസ്രായേല്‍ ബോംബ് വര്‍ഷം നടത്തിയത്.

ടെന്റുകളിലെ തീ അണയ്ക്കാന്‍ 45 മിനിറ്റിലേറെ എടുത്തതായി രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. കത്തിക്കരിഞ്ഞ നിലയില്‍ നിരവധി മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് ആളുകളുടെ പരിക്കില്‍ നിന്ന് വ്യക്തമാവുന്നതായും അവര്‍ അറിയിച്ചു.

ഒക്ടോബര്‍ 7ന് ശേഷം ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ ഇതിനകം 35,984 ഫലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 80,643 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1,139 ഇസ്രായേലികളാണ് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും ബന്ദികളാണ്.