01
May 2024
Thu
01 May 2024 Thu
Maharashtra: Five Madrasa Teachers Cleared in Child Trafficking Case

മുംബൈ: ബാലവേലക്ക് കുട്ടികളെ കടത്തിയെന്നാരോപിച്ച് മദ്‌റസ അധ്യാപകര്‍ക്കെതിരെ എടുത്ത കേസ് മഹാരാഷ്ട്ര ഗവ. റെയില്‍വേ പൊലീസ് (ജി.ആര്‍.പി) പിന്‍വലിച്ചു. ബിഹാറില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് കുട്ടികളെ കൊണ്ടു വന്ന അഞ്ചു പേര്‍ക്കെതിരേ എടുത്ത കേസാണ് പിന്‍വലിച്ചത്. (Maharashtra: Five Madrasa Teachers Cleared in Child Trafficking Case) കുട്ടികളെ മതപഠനത്തിനായി പൂനെ, സാംഗ്ലി എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞവര്‍ഷം മേയിലാണ് കേസിന് ആസ്പദമായ സംഭവം. മദ്‌റസ അധ്യാപകരായ മുഹമ്മദ് അഞ്ജൂര്‍ ആലം മുഹമ്മദ് സയ്യിദ് അലി (34), സദ്ദാം ഹുസൈന്‍ സിദ്ദിഖി (23), നൊമാന്‍ ആലം സിദ്ദിഖി (28), ഇജാസ് സിയാബുള്‍ സിദ്ദിഖി (40), മുഹമ്മദ് ഷാനവാസ് ഹാറൂണ്‍ (22) എന്നിവര്‍ നിലവില്‍ ജാമ്യത്തിലാണ്. എട്ടിനും 17 നുമിടയില്‍ പ്രായമുള്ള 59 കുട്ടികളുമായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഡല്‍ഹി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുമായും റെയില്‍വേ ബോര്‍ഡുമായും ബന്ധമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് മഹാരാഷ്ട്ര അധികൃതര്‍ വെളിപ്പെടുത്തുന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (ആര്‍.പി.എഫ്) സന്നദ്ധ സംഘടനയും ചേര്‍ന്ന് നല്‍കിയ പരാതിയില്‍ ഭുസാവല്‍, മന്‍മാഡ് റെയില്‍വേ സ്റ്റേഷനുകളിലെ ജി.ആര്‍.പി സ്റ്റേഷനുകള്‍ കേസെടുക്കുകയായിരുന്നു.

തുടര്‍ന്ന് 12 ദിവസത്തിനുശേഷം കുട്ടികളെ ബന്ധുക്കള്‍ക്ക് കൈമാറി. ഒരുമാസത്തെ ജയില്‍വാസത്തിനു ശേഷമാണ് മദ്‌റസ അധ്യാപകര്‍ക്ക് ജാമ്യം ലഭിച്ചത്. കുട്ടികളെ മതപഠനത്തിന് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കുന്ന രേഖകളൊന്നും അധ്യാപകരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍, ഇത് തെറ്റാണെന്നാണ് അറസ്റ്റിലായ മദ്‌റസ അധ്യാപകര്‍ പറയുന്നത്. എല്ലാ കുട്ടികളുടെയും ആധാര്‍ കാര്‍ഡുണ്ടായിട്ടും മാതാപിതാക്കളുമായി വിഡിയോ കോള്‍ വഴി പൊലീസിനെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടും അംഗീകരിച്ചില്ലെന്ന് സദ്ദാം ഹുസൈന്‍ സിദ്ദിഖി പറഞ്ഞു. കേസും അറസ്റ്റും തങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണക്ക് ഇടയാക്കിയെന്നും ജോലിക്കായി സൗദി അറേബ്യയിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടിവന്നതായും ഹാറൂണ്‍ പറഞ്ഞു.

കേരളത്തില്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. സംഘ പരിവാര ബന്ധമുള്ള ഉദ്യോഗസ്ഥരോ സംഘപരിവാര പ്രവര്‍ത്തകരോ നല്‍കുന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പലയിടത്തും പോലീസ് നടപടി.

തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നും കുട്ടികളെ മതപഠനത്തിനാണ് കൊണ്ടുവന്നതെന്നു വ്യക്തമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ കേസ് പിന്‍വലിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയതായി മഹാരാഷ്ട്ര റെയില്‍വേ ഡയറക്ടര്‍ ജനറല്‍ പ്രദ്ന്യ സരവഡെ സ്ഥിരീകരിച്ചു.