ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. ( Election Results 2024 Live Updates; Vote counting starts at 8 am )ഇന്ത്യയുടെ വിധി എന്തെന്നറിയാന്‍ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും ആകും എണ്ണുക. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ന് ഫലം വരുന്നത്.
|
രാവിലെ 5.30ന് തന്നെ അതീവ സുരക്ഷയുള്ള സ്റ്റോര്‍ റൂമുകള്‍ തുറന്ന് വോട്ടെണ്ണുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ സൂചനകള്‍ ലഭ്യമാവുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാസംവിധാനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിജയാഹ്ലാദപ്രകടനത്തില്‍ അടക്കം നിയന്ത്രണങ്ങള്‍ വേണമെന്ന് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ തന്നെ വിതരണം ചെയ്യാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈകിട്ടോടുകൂടി തന്നെ എല്ലാ മണ്ഡലങ്ങളിലെയും ഫലം വ്യക്തമാകും എന്നാണ് പ്രതീക്ഷ.
തുടര്‍ഭരണമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. എന്നാല്‍, എക്‌സിറ്റ് പോളല്ല കാര്യമെന്നും ജനമെഴുതിയ വിധി അനുകൂലമാകുമെന്നും ഇന്ത്യാസഖ്യം കരുതുന്നു. 295 സീറ്റില്‍ കുറയില്ലെന്നാണ് അവരുടെ പ്രതീക്ഷ.
കഴിഞ്ഞ 2 ലോക്‌സഭാ തിരഞ്ഞെടുപ്പുകളെക്കാള്‍ കേരളത്തില്‍ പോളിങ് ശതമാനം ഇത്തവണ കുറവായിരുന്നത് മഴപ്രവചനം പോലെ രാഷ്ട്രീയകാലാവസ്ഥയെയും സങ്കീര്‍ണമാക്കുന്നു. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്കൊപ്പം പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ബിജെപിയും വലിയ പ്രതീക്ഷയിലാണ് കേരളത്തില്‍. 1 മുതല്‍ 3 സീറ്റുകള്‍ വരെ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് അവരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.
2019 ല്‍ എന്‍ഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എന്‍ഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങള്‍, എന്‍ഡിഎ 400 കടക്കുമെന്നും പറയുന്നു.





