ന്യഡല്‍ഹി: തൃശൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കടുത്ത വീഴ്ച്ചയെന്ന് വിലയിരുത്തല്‍. ( K Muralidharan’s shocking defeat; Thrissur DCC Chairman to be replaced ) ഇതിന് ഉത്തരവാദികളായ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എംപി വിന്‍സന്റിനെയും മാറ്റാന്‍ തീരുമാനം. ഇരുവരോടും രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.
|
തിരഞ്ഞെടുപ്പ് പരാജയത്തില്‍ വിശദീകരണം തേടി ജോസ് വള്ളുരിനെയും എം പി വിന്‍സന്റിനെയും ഇന്നലെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരുവരുമായും സംസാരിച്ചു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടികളിലേക്ക് കടന്നത്. വി കെ ശ്രീകണ്ഠന് നിലവില്‍ ഡിസിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
മുരളീധരനെപ്പോലൊരു മുതിര്‍ന്ന നേതാവിന്റെ തോല്‍വിക്കും ഒപ്പം ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനും വഴിയൊരുക്കിയ വീഴ്ച്ചയില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. വിഷയത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിലെ മുന്‍ എംപി ടി എന്‍ പ്രതാപന് ഉള്‍പ്പെടെയുള്ളവര്‍ സഹകരിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഡിസിസിയിലെ കോണ്‍ഗ്രസിന് തന്നെ നാണക്കേടായ കൂട്ടത്തല്ലും അടിയന്തര നടപടിക്ക് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരുവിഭാഗത്തിനെതിരെയും പോലീസ് കേസെടുത്തത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. മര്‍ദനമേറ്റ ഡിസിസി സെക്രട്ടറി സജീവന് കുരിയച്ചിറയുടെ പരാതിയില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഒന്നാം പ്രതിയാക്കി 20 പേര്‍ക്കെതിരെ കേസെടുത്തു. എതിര്‍വിഭാഗത്തിന്റെ പരാതിയില്‍ സജീവനെ ഒന്നാംപ്രതിയാക്കി ഏഴു പേര്‍ക്കെതിരെയുമാണ് കേസ്.
അതിനിടെ കൂട്ടത്തലിലും പരസ്യമായ വാദപ്രതിവാദങ്ങള്‍ രൂക്ഷമാണ്. മദ്യപിച്ചെത്തിയാണ് സജീവന് കുരിയച്ചിറയുടെ നേതൃത്വത്തില്‍ സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് ഇറക്കി. പിന്നാലെ താന്‍ മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാന്‍ ഡിസിസി പ്രസിഡണ്ടിനെ സജീവന് കുരിയച്ചിറ വെല്ലുവിളിച്ചു. സ്വന്തം തെറ്റ് മറക്കാന്‍ കള്ളക്കേസ് കൊടുത്ത ജോസ് വള്ളൂര്‍ രാജിവെക്കണമെന്നും സജീവന് ആവശ്യപ്പെട്ടു.
കൂട്ടത്തല്ലിന് മുമ്പ് തന്നെ വിഡി സതീശനും കെ സുധാകരനും മുരളീധരനില്‍ നിന്ന് പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. വലിയ വീഴ്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉണ്ടായതായി അന്വേഷണത്തില്‍ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ടി എന്‍ പ്രതാപന് ലഭിച്ച വലിയ വിഭാഗം വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുണ്ടായ അപ്രതീക്ഷിത തിരിച്ചടിയും ചര്‍ച്ചയായി.


