ബെര്‍ലിന്‍: യൂറോ കപ്പില്‍ ഗോളുകളുടെ പെരുമഴയുമായി രണ്ടാം ദിനം. ഗോള്‍ വേഗക കൊണ്ട് ത്രസിപ്പിച്ച ഗ്രൂപ് ബി മത്സരത്തില്‍ ജയം പിടിച്ച് ഇറ്റലി. ( Euru cup 2024: Albania vs Italy, Spain vs Croatia, Hungary vs Switezerland ) കാല്‍മണിക്കൂറിനകം മൂന്നു ഗോളുകള്‍ പിറന്ന കളിയില്‍ 2-1നായിരുന്നു അല്‍ബേനിയക്കെതിരേ അസൂറിപ്പടയുടെ തേരോട്ടം. ചാമ്പ്യന്‍ ടീമിനെതിരെ ഡോര്‍ട്മുണ്ട് മൈതാനത്തിറങ്ങിയ അല്‍ബേനിയ ആദ്യ മിനിറ്റില്‍ വല കുലുക്കിയായിരുന്നു തുടക്കം.
|
ഇറ്റാലിയന്‍ പിന്‍നിരക്ക് പറ്റിയ പിഴവ് വലിയ അവസരമാക്കി നദീം ബജ്‌റാമിയാണ് ടീമിനെ മുന്നിലെത്തിച്ചത്. ഒരു നിമിഷം പതറിയെങ്കിലും ഇറ്റലി 10 മിനിറ്റിനകം ഗോള്‍ മടക്കി. അലിസാന്‍ഡ്രോ ബസ്‌തോനിയുടെ വകയായിരുന്നു ഗോള്‍. അഞ്ചു മിനിറ്റിനകം അല്‍ബേനിയന്‍ വല വീണ്ടും കുലുങ്ങി. ബറേലയുടെ മനോഹര വോളിയിലായിരുന്നു അസൂറികള്‍ ലീഡെടുത്ത ഗോള്‍.
കഴിഞ്ഞ ദിവസം നടന്ന മറ്റ് രണ്ട് മത്സരങ്ങളില്‍ സ്‌പെയിന്‍ ക്രൊയേഷ്യയേയും സ്വിറ്റ്‌സര്‍ലന്‍ഡ് ഹംഗറിയേയും തോല്‍പ്പിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സ്‌പെയിന്‍ ക്രൊയേഷ്യയെ തകര്‍ത്തുവിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഹംഗറിക്കെതിരായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ വിജയം.
കിരീട മോഹവുമായി ഇംഗ്ലണ്ട് ഇന്നിറങ്ങും
ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ റുമേനിയ യുക്രെയ്‌നേയും സ്ലോവേനിയ ഡെന്മാര്‍ക്കിനേയും നേരിടും. കരുത്തരായ ഇംഗ്ലണ്ടും ഇന്ന് കളത്തിലിറങ്ങും സെര്‍ബിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
1966ലെ ലോകകിരീടത്തിനുശേഷം സുപ്രധാന ട്രോഫികളൊന്നും നേടാനാകാത്ത ഇംഗ്ലണ്ട് ഇന്ന് ഗെല്‍സെന്‍കിര്‍ച്ചന്‍ സ്റ്റേഡിയത്തില്‍ ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. എഴുതിത്തള്ളാന്‍ കഴിയാത്ത സെര്‍ബിയയാണ് എതിരാളികള്‍.
പരിശീലകന്‍ ഗാരെത്ത് സൗത്‌ഗേറ്റിന് കിഴീല്‍ ഇംഗ്ലണ്ടിന്റെ അവസാന ടൂര്‍ണമെന്റാണിത്. റയല്‍ മഡ്രിഡിന്റെ കുന്തമുന ജൂഡ് ബെല്ലിങ്ഹാമിലാണ് പ്രധാന പ്രതീക്ഷ. ബയേണ്‍ മ്യൂണിക്കിനായി ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ മിന്നുംപ്രകടനം നടത്തിയ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നിന് വന്‍കരയുടെ കിരീടം നേടാനുള്ള അവസരവും. ചെല്‍സി സ്‌ട്രൈക്കര്‍ കോള്‍ പാമര്‍ക്കിത് ആദ്യ യൂറോയും. ഇവര്‍ മികവ് പുറത്തെടുത്താല്‍ പിന്നെ ഇംഗ്ലണ്ടിന് തിരിഞ്ഞുനോക്കേണ്ടിവരില്ല. സൗദി പ്രോ ലിഗീലും കിങ്‌സ് കപ്പിലും അല്‍ ഹിലാലിനെ ജേതാക്കളാക്കിയ ശേഷമാണ് സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിത്രോവിച് എത്തുന്നത്.


