England Beat Croatia ഡാളസ്: ലോകകപ്പില്‍ ഗ്രൂപ്പ് എല്ലിലെ ആദ്യ മത്സരത്തില്‍ മുന്‍ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയത്തുടക്കം. ഡാളസ് സ്റ്റേഡീയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍ ഇരട്ട ഗോളുകളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ആവേശകരമായ മത്സരത്തിനാണ് കായികലോകം സാക്ഷ്യം വഹിച്ചത്.
|
മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി വലയിലെത്തിച്ച ഹാരി കെയിന്‍, 42-ാം മിനിറ്റില്‍ ഒരു മികച്ച ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോളും നേടി. ഈ പ്രകടനത്തോടെ ഡേവിഡ് ബെക്കാമിന് (1998, 2002, 2006) ശേഷം മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ (2018, 2022, 2026) ഗോള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമെന്ന ചരിത്ര നേട്ടം ഹാരി കെയിന്‍ സ്വന്തമാക്കി.
ഇതിനുപുറമെ, ലോകകപ്പില്‍ ആകെ 10 ഗോളുകള്‍ തികച്ച ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍, ഇംഗ്ലണ്ടിനായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗാരി ലിനേക്കറുടെ ഇതിഹാസ റെക്കോര്‍ഡിനൊപ്പവുമെത്തി. കൂടാതെ, ഷൂട്ടൗട്ടുകള്‍ ഒഴികെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി ഗോളുകള്‍ (5 ഗോളുകള്‍) നേടുന്ന താരമെന്ന പുതിയ ലോക റെക്കോര്‍ഡും കെയിന്‍ തന്റെ പേരില്‍ കുറിച്ചു.
ആദ്യ പകുതിയില്‍ രണ്ട് തവണ ഒപ്പത്തിനൊപ്പം പിടിച്ച് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരുന്നു. ഹാരി കെയിന്റെ ആദ്യ പെനാല്‍റ്റി ഗോളിന് മാര്‍ട്ടിന്‍ ബതുരീനയിലൂടെയാണ് ക്രൊയേഷ്യ മറുപടി നല്‍കിയത്. പിന്നീട് കെയിന്‍ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചെങ്കിലും പീറ്റര്‍ മൂസയിലൂടെ ക്രൊയേഷ്യ വീണ്ടും സമനില പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ ഫോമിലുള്ള ജൂഡ് ബെല്ലിംഗ്ഹാമും പകരക്കാരനായി ഇറങ്ങിയ മാര്‍ക്കസ് റാഷ്ഫോര്‍ഡും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് 4-2 ന് വിജയം ഉറപ്പിച്ചു.
തോറ്റെങ്കിലും ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ച് മത്സരത്തില്‍ മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി. നാല് വ്യത്യസ്ത ലോകകപ്പുകളില്‍ അസിസ്റ്റ് (ഗോളിന് വഴിമൊരുക്കുക) നല്‍കുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായി പെരിസിച്ച് മാറി. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
Fifa world cup 2026: England Beat Croatia 4-2


