കോവിഡ് മഹാമാരിയുടെ ഭീതി ഒഴിയുന്നതിനിടെ ആശങ്ക പടര്‍ത്തി പുതിയ വില്ലന്‍ വരുന്നു. ( Rare bacteria that can kill in 48 hours spreading in Japan: All you need to know about STSS )കോവിഡിനെക്കാള്‍ കൂറേക്കൂടി ഭീകരമാണ് പുതിയ രോഗാണു. ജപ്പാനിലാണ് അതീവ അപകടകാരിയായ Group A Streptococcus (GAS) ബാക്ടീരിയ പടരുന്നത്. ചൈനയില്‍ നിന്ന് ഏറ്റവും ആദ്യം കോവിഡ് എത്തിയ ഒരു പ്രദേശമാണ് കേരളം. അതു കൊണ്ട് ദൂരെയാണെന്ന് കരുതി ആശ്വസിക്കേണ്ടതില്ല.
|
സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം (STSS) അഥവാ ഫ്ളഷ് ഈറ്റിങ് ബാക്ടീരിയല്‍ ഇന്ഫക്ഷന് എന്ന രോഗം കഴിഞ്ഞ വര്‍ഷം ആകെ 941 പേരെയാണ് ജപ്പാനില്‍ ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ രണ്ടിനകം 977 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തെന്ന് ജപ്പാനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യും.
രോഗം പിടിപെട്ട് ആദ്യ 24-48 മണിക്കൂറിനുള്ളില്‍ രക്തസമ്മര്‍ദം ഭീതിജനകമാം വിധം താഴും. ഇതോടെയാണ് രോഗം കൂടുതല്‍ ഗുരുതരമാകുന്നത്. പിന്നീട് അവയവങ്ങള്‍ തകരാറിലാകും. രോഗം നിയന്ത്രിക്കുന്നതിന് അണുബാധയുള്ള കോശങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യേണ്ടി വരുമെന്നതാണ് സ്ഥിതി.
Group A Streptococcus ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വലിയ തോതില്‍ വിഷവസ്തുക്കള്‍ പുറന്തള്ളുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളാണ്(hyper-inflmmatory response) കോശങ്ങളുടെ നാശത്തിലേക്കും(flesh-eating) ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാവുന്നതിലേക്കും നയിക്കുന്നത്.
ചികിത്സ നല്കിയാലും അണുബാധ ഉണ്ടായ 10 പേരില്‍ മൂന്ന് പേര് മരണപ്പെടുന്നതായാണ് കണക്ക്. 30 ശതമാനം മരണനിരക്കാണ് ഈ രോഗത്തിനു കണക്കാക്കുന്നത്. കോവിഡിന് 1% മുതല്‍ 4% വരെയായിരുന്നു മരണനിരക്ക്. പ്രായം കൂടിയവരില്‍ പരമാവധി മരണനിരക്ക് 15 ശതമാനം വരെയാകുകയുള്ളു. ഇതിന്റെ ഇരട്ടിയാണ് സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം (എസ്ടിഎസ്എസ്) എന്ന രോഗം ബാധിച്ചാലുണ്ടാകുന്ന മരണനിരക്ക്.
കൊവിഡ് വൈറസിന് സമാനമായി വായുവിലൂടെയും ശാരീരിക സമ്പര്‍ക്കത്തിലൂടെയുമാണ് സ്ട്രെപ്റ്റോകോക്കല്‍ അണുബാധ മറ്റുള്ളവരിലേക്ക് പടരുന്നത്.
ലക്ഷണങ്ങളും പ്രതിരോധവും
പനി, പേശി വലിവ്, ശരീര വേദന. ഛര്‍ദ്ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. വ്യക്തിശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവല്‍ കൊണ്ട് മുഖം പൊത്തിപിടിക്കുക, ഇടയ്ക്കിടെ സോപ്പു ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, മുറിവുകളിലും മറ്റും ഡോക്ടറുടെ നിര്‍ദേശപ്രകാരം ബാന്‍ഡേജ് ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
രോഗത്തെ നേരിടാന്‍ ജപ്പാന് വീണ്ടും കോവിഡ് കാലത്തെ ജീവിതശൈലിയിലേക്ക് പോവുകയാണ്. ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.


