16
Jun 2024
Sat
16 Jun 2024 Sat
Anti leak law

ന്യൂഡല്‍ഹി: പൊതുപരീക്ഷകളിലെ കോപ്പിയടിയും ചോദ്യം ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പും തടയാന്‍ നിയമം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. (Anti-paper leak law comes into force amid NEET, UGC-NET row)മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റ് പാസാക്കിയ പൊതുപരീക്ഷ (അനധികൃത രീതി തടയല്‍ ) നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. ഈ നിയമപ്രകാരം, പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപയോളം പിഴയും ശിക്ഷ ലഭിക്കുമെന്നാണ് വ്യവസ്ഥ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീറ്റ് പരീക്ഷാ ക്രമക്കേടിനെ ചൊല്ലി വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ നടപടി. ഫെബ്രുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം വെള്ളിയാഴ്ചയോടെയാണ് കേന്ദ്ര പേര്‍സണല്‍ ആന്‍ഡ് പബ്ലിക് ഗ്രീവന്‍സ് മന്ത്രാലയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

ചോദ്യപേപ്പറിന്റെയോ ഉത്തരസൂചികയുടെയോ ചോര്‍ച്ച, പൊതുപരീക്ഷകള്‍ എഴുതുന്നവരെ ഏതെങ്കിലും വിധത്തില്‍ അനധികൃതമായി സഹായിക്കല്‍, കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ കൃത്രിമം കാണിക്കല്‍, ആള്‍മാറാട്ടം തുടങ്ങിയവയാണ് ഈ നിയമത്തിന് കീഴില്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നത്.

കൂടാതെ സാമ്പത്തിക ലാഭത്തിന് വേണ്ടി വ്യാജ വെബ്‌സൈറ്റ് നിര്‍മിക്കുക, വ്യാജ പരീക്ഷ നടത്തുക, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ നിര്‍മിക്കുക, ഇരിപ്പിടങ്ങളില്‍ കൃത്രിമം കാണിക്കുക, പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കുക എന്നിവയും കുറ്റകൃത്യമായി പരിഗണിക്കുന്നതാണ്. ഇരുപതോളം കുറ്റങ്ങളാണ് നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ഈ നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരു വ്യക്തിക്കും മൂന്ന് വര്‍ഷം വരെ ശിക്ഷയും പത്ത് ലക്ഷം വരെ പിഴയും നല്‍കപ്പെടുന്നതാണ്. സംഘടിതമായ കുറ്റകൃത്യമാണെങ്കില്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു കോടിയോളം പിഴയും ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതോടൊപ്പം ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്ന സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടുകയും പരീക്ഷാ ചെലവ് അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും. ജാമ്യമില്ലാ വകുപ്പാണ് ഈ നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങള്‍ക്ക്.

എന്നാല്‍, പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളോ വിദ്യാര്‍ത്ഥികളോ പുതിയ നിയമത്തിന്റെ പരിധിയില്‍ വരില്ല. അവര്‍ക്കെതിരേ പരീക്ഷാ നടത്തിപ്പ് അതോറിറ്റി നിലവില്‍ ചെയ്യുന്നതു പോലെ ഡീബാറിങ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും.

യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍(യുപിഎസ് സി), സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ, ബാങ്കിങ് റിക്രൂട്ട്‌മെന്റ് എക്‌സാമിനേഷന്‍, നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നടത്തുന്ന എല്ലാ കംപ്യൂട്ടര്‍ അധിഷ്ടിത പരീക്ഷകളും തുടങ്ങിയവ ഈ നിമയത്തിന്റെ പരിധിയില്‍ വരും.