30
Jun 2024
Tue
30 Jun 2024 Tue
ram temple leak

ലക്‌നൗ: പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസത്തിനുള്ളില്‍ അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ചോര്‍ച്ച. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലാണ് ചോരാന്‍ തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചു. ക്ഷേത്രത്തിനുള്ളിലെ വെള്ളം പുറത്ത് പോകാന്‍ വഴികളില്ല. മഴ കൂടിയാല്‍ ക്ഷേത്രത്തിലെ ആരാധന മുടങ്ങുന്ന സ്ഥിതി. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 22 നാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള പ്രത്യേക ബസ് സര്‍വ്വീസ് റദ്ദാക്കിയതുമെല്ലാം തുടക്കത്തിലുള്ള ആവേശം അവസാനിച്ചതോടെയാണ്.

ആവശ്യക്കാര്‍ കുറഞ്ഞതോടെ സ്പൈസ് ജെറ്റാണ് ആദ്യമായി ഹൈദരാബാദ്, ബെംഗളൂരു, പട്ന എന്നിവിടങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയത്. സര്‍വ്വീസ് ആരംഭിച്ച് രണ്ട് മാസത്തിനകം തന്നെ യാത്രാക്കാരില്ലാത്ത സ്ഥിതിയായിരുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ ഏപ്രില്‍ മാസത്തിലാണ് സ്പൈസ് ജെറ്റ് ഹൈദരാബില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചത്. ജൂണ്‍ ഒന്നിനാണ് ഏറ്റവും ഒടുവിലത്തെ സര്‍വ്വീസ് നടത്തിയത്. നിലവില്‍ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

അയോധ്യയിലേക്കുള്ള പ്രത്യേക സര്‍വ്വീസ് റെയില്‍വേയും നിര്‍ത്തി. ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് പ്രത്യേക ട്രെയിനുകള്‍ നിര്‍ത്തിയത്. എന്നാല്‍ അയോധ്യ ധാമിലേക്കും അയോധ്യ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും പ്രതിദിനം 32 മുതല്‍ 35 വരെ ട്രെയിനുകളാണ് എത്തുന്നത്. ഇതില്‍ ഏകദേശം 28,000 യാത്രക്കാര്‍ വരെ എത്തുന്നുണ്ടെന്നുമാണ് കണക്ക്. മെയ് 15 വരെ അയോധ്യയിലേക്കുള്ള ട്രെയിന്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ എത്തിയിരുന്നു. എന്നാല്‍, നിലവില്‍ ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണെന്ന് റേയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേക്കുള്ള ബസ് സര്‍വ്വീസുകളും റദ്ദാക്കി. നേരത്തെ 396 ബസുകള്‍ വരെ സര്‍വ്വീസ് നടത്തിയ ഇടത്ത് ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി ഓരോ ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്.